ഇന്ത്യൻ പൗരത്വം നേടുന്നതിനു മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഡൽഹി റൗസ് അവന്യൂ കോടതിയുടെ നോട്ടീസ്.
വികാസ് ത്രിപാഠി എന്നയാൾ നൽകിയ ക്രിമിനൽ റിവിഷൻ ഹർജിയിലാണ് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ നടപടിയെടുത്തത്. സംഭവത്തിൽ മറുപടി നൽകാനായി ഡൽഹി പോലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഹർജിയിൽ ഉന്നയിക്കുന്നതനുസരിച്ച്, സോണിയ ഗാന്ധി 1983 ഏപ്രിലിലാണ് ഇന്ത്യൻ പൗരത്വം നേടിയത്. എന്നാൽ അതിനു മൂന്ന് വർഷം മുൻപ്, 1980-ൽ ന്യൂഡൽഹി പാർലമെന്ററി നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവരുടെ പേര് ഉൾപ്പെടുത്തിയിരുന്നു. ഈ നടപടിയിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സോണിയ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം.
ഇക്കാര്യത്തിൽ കേസെടുക്കാൻ ഉത്തരവിടാൻ വിസമ്മതിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജിക്കാരൻ ഡൽഹി റൗസ് അവന്യൂ കോടതിയെ സമീപിച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ 2024 സെപ്റ്റംബർ 11-നാണ് ഈ ഹർജി തള്ളിയത്.
1980-ലെ വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്താത്ത ഒരു ഫോട്ടോ കോപ്പി മാത്രമാണ് ഹർജിക്കാരൻ തെളിവായി ഹാജരാക്കിയത്. വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ പോലുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതി അന്ന് ഹർജി തള്ളിയത്.
മജിസ്‌ട്രേറ്റ് കോടതിയുടെ ഈ ഉത്തരവിനെതിരായ അപ്പീലാണ് ഇപ്പോൾ റൗസ് അവന്യൂ കോടതി പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിഷയം സംബന്ധിച്ച വിശദാംശങ്ങൾ തേടി സോണിയ ഗാന്ധിക്കും ഡൽഹി പോലീസിനും നോട്ടീസ് അയക്കാൻ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ഉത്തരവിട്ടത്.
















