ഹാര്‍ലി- ഡേവിഡ്‌സണ്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഹാര്‍ലി-ഡേവിഡ്സണ്‍ X440 T എന്ന പേരില്‍ പുറത്തിറക്കിയ പുതിയ മോട്ടോര്‍സൈക്കിളിന് 2.79 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്.
ഹീറോ മോട്ടോകോർപ്പും ഹാർലി-ഡേവിഡ്‌സണും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രീമിയം മോട്ടർസൈക്കിൾ നിരയിലേക്ക് പുതിയൊരു ഫ്ലാഗ്ഷിപ്പ് മോഡൽ കൂടി ചേർത്തിരിക്കുകയാണ്. പുനർനിർമ്മിച്ച റിയർ ഡിസൈനും പുതിയ ഇലക്ട്രോണിക് അസിസ്റ്റ് ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ X440 T ആദ്യമായി പ്ലാറ്റ്‌ഫോമിലേക്ക് റൈഡ്-ബൈ-വയർ സംവിധാനവും കൊണ്ടുവരുന്നു എന്നത് ശ്രദ്ധേയമാണ്, അതോടൊപ്പം റോഡ് & റെയിൻ എന്ന രണ്ട് റൈഡിംഗ് മോഡുകളും മോട്ടർസൈക്കിൾ അവതരിപ്പിക്കുന്നു. സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോളും സ്വിച്ചബിൾ റിയർ ABS ഉം ഇതിലുണ്ട്. മറ്റൊരു ശ്രദ്ധേയമായ അപ്പ്ഡേറ്റ് എന്നത് പാനിക് ബ്രേക്കിംഗ് അലേർട്ട് സിസ്റ്റമാണ്.
മുകളിൽ സൂചിപ്പിച്ചതു പോലെ X440 T യുടെ പിൻ സബ്ഫ്രെയിം ഹാർലി-ഡേവിഡ്‌സൺ പുനർനിർമ്മിച്ചിട്ടുണ്ട്, പുതിയ ടെയിൽ സെക്ഷനും പുനർരൂപകൽപ്പന ചെയ്ത ഗ്രാബ് ഹാൻഡിലുകളും പില്യൺ കംഫർട്ട് മെച്ചപ്പെടുത്തുന്നതിനായി നിർമ്മാതാക്കൾ ഇതിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് X440 വിവിഡ്, S വേരിയന്റുകളിൽ നിന്ന് ‘T’ വേരിയന്റിനെ കാഴ്ച്ചയിൽ വേറിട്ടു നിൽക്കാൻ ഈ മാറ്റങ്ങൾ കാര്യമായി സഹായിക്കുന്നു എന്നു പറയാം.
ഏറ്റവും പ്രധാനമായി, അപ്‌ഡേറ്റ് ചെയ്ത റിയർ ത്രീ-ക്വാർട്ടർ ഡിസൈൻ X440 ൽ നിന്നും ലഭിച്ച ഒരു പ്രധാന ഫീഡ്ബാക്കിന്റെ പരിഹാരമാണ്. പുതിയ സജ്ജീകരണം കൂടുതൽ മികച്ചതായി കാണപ്പെടുന്നു, റിയർ വീലിനും ഫെൻഡറിനും ഇടയിലുള്ള വിടവ് കുറയ്ക്കുകയും മോട്ടോർസൈക്കിളിന് കൂടുതൽ യോജിച്ച ഒരു ആംഗുലാർ ലുക്ക് നൽകുകയും ചെയ്യുന്നു. 192 കിലോഗ്രാം കെർബ് വെയിറ്റുമായി വരുന്ന ‘T’ വേരിയന്റ് X440 യേക്കാൾ 1.5 കിലോഗ്രാം കൂടുതൽ ഭാരമുള്ളതാണ്.
X440 T യിലും X440 ൽ വരുന്ന അതേ 440 സിസി, സിംഗിൾ-സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിനാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്, ഇത് 27 bhp കരുത്തും 38 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, ആറ് -സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഇത് കണക്ട് ചെയ്തിരിക്കുന്നത്.
ഈ പുതിയ ടോപ്പ് വേരിയന്റിന്റെ വരവോടെ, ഹീറോയും ഹാർലിയും മുമ്പത്തെ ഡെനിം വേരിയന്റ് നിർത്തലാക്കി. സ്‌പോക്ക് വീലുകളുമായി വരുന്ന ഒരേയൊരു X440 മോഡലായിരുന്നു ഇത്. ഡെനിം ഇപ്പോൾ നിർത്തലാക്കിയതോടെ, മുഴുവൻ ഹാർലി-ഡേവിഡ്‌സൺ X440 ഫാമിലി എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി അലോയി വീലുകൾ വാഗ്ദാനം ചെയ്യുന്നു.
പരിഷ്കരിച്ച വിലകൾ പ്രകാരം X440 വിവിഡിന് 2.34 ലക്ഷം രൂപയിൽ തുടങ്ങി, X440 S ന് 2.55 ലക്ഷം രൂപയും, ടോപ്പ് എൻഡ് X440 T ക്ക് 2.79 ലക്ഷം രൂപയുമാണ് വരുന്നത്. X440 T ബ്ലാക്ക്, റെഡ്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. X440 T യുടെ ബുക്കിംഗ് ഹാർലി-ഡേവിഡ്‌സൺ, ഹീറോ പ്രീമിയ ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്, X440 വെബ്‌സൈറ്റ് വഴി ഓൺലൈൻ റിസർവേഷനുകളും ലഭ്യമാണ്.
















