സ്വന്തം ജന്‍മം തന്നെ ആര്‍ക്കും വേണ്ടാത്തതായിരുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ സമൂഹത്തോടും കൂടെയുള്ളവരോടും പ്രതികാര ബുദ്ധിയോടെ പെരുമാറുന്നവര്‍ ഈ ലോകത്തുണ്ട്. ചില കൊലപാതക കേസുകളുടെ പോലീസ് ഡയറികളില്‍ ഇത്തരം കഥകള്‍ റെഫറന്‍സുകളായി കിടപ്പുണ്ട്. മാനസിക വിഭ്രാന്തിയും അതിലൂടെ ലൈംഗിക തൃപ്തിക്കും വേണ്ടിയുള്ള നെട്ടോട്ടമോ, പരാക്രമമോ ആണ് ചിലരില്‍ കാണുന്നത്. ഇങ്ങനെയൊരു കേസ് ഡയറിയാണ് ഉത്തര എന്ന സ്ത്രീ തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം. പ്രസന്നയുടെ മകന്‍ മനുവിന്റെ ഭാര്യയാണ് ഉത്തര. രണ്ടാഴ്ചത്തെ പരിചയമേ ഉണ്ടായിരുന്നുള്ളൂ അവര്‍ തമ്മില്‍. എങ്കിലും, ‘തന്നെ കൂട്ടിക്കൊണ്ടു പോകണം, ഇനി ഒരു നിമിഷം ഞാന്‍ ഈ വീട്ടില്‍ നില്‍ക്കില്ല’ എന്ന് പറഞ്ഞ് റോഡില്‍ നിന്ന ആ 23 വയസ്സുകാരിക്ക് ഒരു ജീവിതം കൊടുക്കാന്‍ മനു ഉറപ്പിക്കുകയായിരുന്നു.
ആര് എതിര്‍ത്താലും അവള്‍ക്കൊരു ജീവിതം കൊടുത്തേ മതിയാകൂ എന്ന് ആ നിഷ്‌കളങ്കനായ ചെറുപ്പക്കാരന്‍ തീരുമാനിച്ചു. മനുവിന്റെ വീട്ടുകാര്‍ അവളെ സ്വീകരിച്ചു. വീട്ടിലേക്ക് ഉത്തര കടന്നു വന്നത് ഒരു ഇളങ്കാറ്റു പോലെയായിരുന്നു. എങ്കിലും ആരും അറിഞ്ഞില്ല അതൊരു താടകയുടെ കടന്നു വരവായിരുന്നു എന്ന്. പക്ഷെ, അതിനും മുമ്പ് ഉത്തര എന്ന പെണ്‍കുട്ടിയുടെ ജീവിതം ആരംഭിക്കുന്നത്, മക്കളില്ലാത്ത ഉഷയും സരസന്‍ ദമ്പതികളുടെ ജീവിതത്തിലൂടെയാണ്. ഉത്തരയെന്ന ചോരക്കുഞ്ഞിനെ എടുത്തു വളര്‍ത്തുകയായിരുന്നു ഉഷയും സരസനും. സ്വന്തം കുഞ്ഞിനെപ്പോലെ തന്നെയാണ് ഇരുവരും അവളെ വളര്‍ത്തിയത്. സ്‌നേഹവും ലാളനയും മാത്രം അറിഞ്ഞ് വളര്‍ന്നവള്‍. പക്ഷേ, താന്‍ അവരുടെ സ്വന്തം മകളല്ലെന്ന സത്യം അറിഞ്ഞതോടെ അവള്‍ പ്രതികാരദാഹിയായി മാറി.
തന്നെ വളര്‍ത്തുന്നത്, സ്വന്തം മാതാപിതാക്കളള്‍ അല്ലെങ്കില്‍ ആ വീട്ടില്‍ നില്‍ക്കുന്നത് എന്തിനെന്ന് ഉത്തര ചിന്തിച്ചു. അങ്ങനെ വീടുവിട്ടു പോകാന്‍ ഉത്തര തീരുമാനിക്കുന്നു. അപ്പോഴേക്കും ഉഷയെയും സരസനെയും നല്ലതു പോലെ കരയിച്ചു കഴിഞ്ഞിരുന്നു. ലാളിച്ചും കൊഞ്ചിച്ചും വളര്‍ത്തിയ മകള്‍ വീടു വിട്ടിറങ്ങാന്‍ തീരുമാനിച്ചത്, സരസന് വലിയ ദുഖമാണുണ്ടാക്കിയത്. ആ വളര്‍ത്തച്ഛന്‍ മകളുടെ ഇറങ്ങിപ്പോക്കില്‍ തകര്‍ന്നു. സംസാരശേഷി പോലും നഷ്ടപ്പെട്ട് കിടപ്പിലായി. മനുവിന്റെ വീട്ടില്‍ ഉത്തര ഒരു പുതിയ അംഗമായി. അവര്‍ക്ക് ഏകലവ്യന്‍ എന്നൊരു കുഞ്ഞു പിറന്നു. മനുവിന്റെ വീട്ടുകാര്‍ക്കും, തളര്‍ന്നുപോയ ഉഷയ്ക്കും സരസനും ഏകലവ്യന്റെ വരവ് പുതിയൊരു പ്രതീക്ഷയായി. ഉണ്ണിപിറന്നതോടെ ഉത്തരയുടെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് അവര്‍ കരുതി.
പക്ഷേ, ആ പ്രതീക്ഷകള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. പ്രസവാനന്തരം ഉത്തര കൂടുതല്‍ അക്രമാസക്തയായി. ‘ചോറ് വേണ്ട, തുണ്ടമീന്‍ മതി’ എന്ന് തുടങ്ങി, ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ‘പൂരാവസ്തുക്കള്‍’ എന്നുവരെ വിളിച്ചു. ഇതെല്ലാം കണ്ടും കേട്ടും മനു തളര്‍ന്നുപോയി. ‘ഇവള്‍ ഇവിടെ കിടന്ന് കുഞ്ഞിനെ നോക്കുന്നില്ല, ശല്യം ചെയ്യുന്നു’ എന്ന് അമ്മ വിളിച്ചുപറയുന്ന അവസ്ഥ വരെയായി കാര്യങ്ങള്‍. ഒടുവില്‍, ഏകലവ്യന്‍ ജനിച്ച ശേഷം രണ്ട് മാസമായപ്പോള്‍, ഉത്തര വീണ്ടും ഇറങ്ങിപ്പോയി. ഇത്തവണ അവള്‍ പോയത് കുട്ടിയും കുടുംബവുമുള്ള രജീഷ് എന്ന കാമുകനൊപ്പമായിരുന്നു.
എന്നാല്‍, വീട്ടില്‍ നിരന്തരം പ്രശ്‌നം സൃഷ്ടിച്ചിരുന്ന ഭാര്യ പോയതില്‍ മനുവിന് ദുഃഖമുണ്ടായില്ല.
എന്നാല്‍, കുഞ്ഞിനെ അവള്‍ക്കൊപ്പം വിടാന്‍ അയാള്‍ക്ക് മനസ്സുവന്നില്ല. അവള്‍ മൊബൈലില്‍ കളിക്കുമ്പോള്‍ കുഞ്ഞിനെ ശ്രദ്ധിക്കില്ലെന്ന് മനുവിന് അറിയാമായിരുന്നു. ‘കുഞ്ഞിനെ ഇനി ഞങ്ങള്‍ക്ക് താ, ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാം’ എന്ന് മനുവും വീട്ടുകാരും കരഞ്ഞപേക്ഷിച്ചു. പക്ഷേ നിയമം അമ്മയോടൊപ്പമായിരുന്നു. ഒരുദിവസം, കുഞ്ഞിന് എന്തോ പറ്റിയെന്നറിഞ്ഞ് മനു ഓടിച്ചെന്നു. ആ കാഴ്ച ഒരു പിതാവിനും സഹിക്കാന്‍ കഴിയാത്തതായിരുന്നു. കുഞ്ഞിന്റെ തലയുടെ പുറകില്‍ ചെറിയൊരു മുഴ. മുതുകില്‍ ചുവന്ന പാടുകള്‍. ‘കുഞ്ഞ് വീണതാണ്’ എന്ന് ഉത്തര പറയുമ്പോഴും, അത് വിശ്വസിക്കാതെ മനു കുട്ടിയെ നോക്കി. എന്നെ ഉപദ്രവിച്ചതാണെന്ന് ഏകലവ്യന്‍ അച്ചനോട് പറയാതെ പറയുകയായിരുന്നു.
‘നീ തള്ളിയിട്ടതാണോ’ എന്ന് ചോദിക്കാന്‍ മനുവിന് ചോന്നിയയതാണ്. പക്ഷെ, കഴിഞ്ഞില്ല. നിങ്ങള്‍ പോയി ജീവിച്ചോ, എനിക്ക് വിഷമം ഒന്നുമില്ല, കുഞ്ഞിനെ മാത്രം എനിക്ക് താ, ഞാന്‍ നോക്കിക്കോളാം,’ എന്നയാള്‍ ഉത്തരയുടെ കാലുപിടിക്കും പോലെ ആവശ്യപ്പെട്ടു. എന്നിട്ടും, ഏകലവ്യനെ വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. വളരെ പെട്ടന്നായിരുന്നു ആ ദുരന്ത വാര്‍ത്ത ഉണ്ടായത്. രണ്ടര വയസ്സുകാരന്‍ ഏകലവ്യന്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കേട്ട് എല്ലാവരും നടുങ്ങി. കുട്ടിയെ മര്‍ദ്ദിച്ചു കൊന്നതാണ്. പ്രതികള്‍ സ്വന്തം മാതാവും കാമുകനും. തങ്ങള്‍ക്ക് സുഖമായി ജീവിക്കാന്‍ തടസ്സമായി നിന്ന സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാന്‍ അവര്‍ തീരുമാനിച്ചു. കുഞ്ഞിന് അസുഖമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരാഴ്ചയോളം അവര്‍ അവനെ പീഡിപ്പിച്ചു.
ആ പീഡനത്തില്‍ കുടല്‍മാലകള്‍ പൊട്ടിമാറി. അസ്ഥികള്‍ ഒടിഞ്ഞു നുറുങ്ങി. ക്രൂരമായ പീഡനത്തിനൊടുവില്‍ ഏകലവ്യന്‍ മരണപ്പെട്ടു. ശരീരം നുറുങ്ങുന്ന വേദനയിലും, അവന്‍ അമ്മയുടെ ഒക്കത്ത് ചേര്‍ന്നുകിടന്നു. അമ്മ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ആ പാവം കുഞ്ഞ് അറിഞ്ഞിരുന്നില്ല. വേദനയിലും അവന്‍ അമ്മയെ നോക്കി പുഞ്ചിരി തൂകി. സ്വന്തം അമ്മയുടെ കൈകളില്‍ വേദനകള്‍ സഹിക്കുമ്പോഴും അവന്‍ അമ്മയില്‍ സുരക്ഷിതത്വം കണ്ടിരുന്നു. വാരിയല്ല് പൊട്ടി, വയറ് കുടല്‍ പൊട്ടി ഇന്‍ഫെക്ഷന്‍ ആയി. അവനനുഭവിക്കേണ്ടത് മൊത്തം അനുഭവിച്ചു,’ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കേട്ട് മനു തകര്‍ന്നുപോയി. കുഞ്ഞിന്റെ ശരീരം നിറയെ മുറിപ്പാടുകളായിരുന്നു.
മരണശേഷം പോലും, നൊന്തുപെറ്റ ഒരമ്മയ്ക്ക് ഉണ്ടാകേണ്ട ഒരു വേദനയോ പശ്ചാത്താപമോ ഉത്തരയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. ഒടുവില്‍ മനുവിന് അവന്റെ പൊന്നുമോനെ തിരിച്ചു കിട്ടി. ജീവനില്ലാത്ത ഒരു ശരീരമായിട്ടാണെങ്കിലും. ലാളിച്ചു കൊതിതീരും മുമ്പേ പോയ ഏകലവ്യനെ അയാള്‍ സ്വന്തം വീടിനോട് ചേര്‍ന്ന് അടക്കി. ഏകലവ്യന്റെ കുഴിമാടത്തിനരികില്‍ തളര്‍ന്നിരിക്കുന്ന മനുവിനെ നാട്ടുകാര്‍ എന്നും കാണും. സ്വന്തം അമ്മയ്ക്കു പോലും വേണ്ടാത്ത ആ കുഞ്ഞ് ഇനി എന്നും ഈ വീട്ടിലുണ്ടാകും. മാതൃത്വത്തെ പോലും ചോദ്യം ചെയ്ത ഒരു ക്രൂരതയുടെ ഓര്‍മ്മപ്പെടുത്തലായി, ഏകലവ്യന്റെ കുഴിമാടം ആ വീട്ടുമുറ്റത്ത് ഇന്നും നിലകൊള്ളുന്നു.
CONTENT HIGH LIGHTS; Poor baby didn’t know his mother was killing him inch by inch: He looked at his mother and smiled despite the pain; His bones were broken and his intestines ruptured; A brutal story of torture between his lover and his mother
















