നടി ശോഭനയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ അജു വർഗീസ്. പോസ്റ്റിനൊപ്പം അജു കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ പവിത്രത്തിലെ മീരയേയും പക്ഷേയിലെ നന്ദിനിയേയും അതുപോലെ ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയെ നേരിൽ കാണാൻ അവസരം ലഭിച്ചു. ഈ ഇതിഹാസതാരത്തെ നേരിൽ കാണണമെന്നത് എന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു’ എന്നാണ് അജു കുറിച്ചത്.
ജിയോ ഹോട്ട്സ്റ്റാർ സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആരാണ് പ്രിയപ്പെട്ട നടിയെന്ന ചോദ്യത്തിന് അജു വർഗീസ് എന്നും നൽകിയിരുന്ന ഉത്തരം ശോഭനയായിരുന്നു. ഇതിനു മുൻപും ശോഭന എന്ന അഭിനേത്രിയോടുള്ള ഇഷ്ടം താരം തുറന്നു പറഞ്ഞിട്ടുണ്ട്.
ശോഭനയ്ക്കൊപ്പമുള്ള ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്. ‘പെട്ടെന്ന് അജുവാണെന്ന് മനസ്സിലായില്ല. ആദ്യം കരുതിയത് ചിത്രത്തിലുള്ളത് ശോഭനയും അവരുടെ ബോയ്ഫ്രണ്ട് ആണെന്നുമാണ്. സോറി,’ എന്നായിരുന്നു ഒരു ആരാധിക കമന്റ് ചെയ്തത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അജു വർഗീസ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ‘മണിച്ചിത്രത്താഴിലെ നാഗവല്ലി ആകുന്നതിനു മുൻപ് വിട്ടോ അവിടുന്ന്’ എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. അജു പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
















