സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് ഇന്ന് നടക്കും. വടക്കന്‍ കേരളം പോളിങ് ബൂത്തിലേക്ക്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6ന് അവസാനിക്കും. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, 7 ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോർപറേഷൻ എന്നിവിടങ്ങളിലായി 12,391 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പ്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിധിയെഴുത്ത് പൂര്‍ണമാകും.
കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും മലപ്പട്ടം, കണ്ണപുരം ഗ്രാമപ്പഞ്ചായത്തുകളിലായി 9 വാർഡുകളിലും കാസർകോട് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപ്പഞ്ചായത്തുകളിലെ ഓരോ വാർഡിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ വോട്ടെടുപ്പില്ല.
യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിലെ വോട്ടെടുപ്പു മാറ്റി. എന്നാൽ, ഈ വാർഡിലെ പോളിങ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നുണ്ടാകും.
കഴിഞ്ഞദിവസം വോട്ടിങ്ങ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ പേര് തെളിയാതിരുന്നതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ ബൂത്തിൽ ഇന്ന് റീ പോളിങ്. മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ ബൂത്തിലാണ് റീപോളിങ് നടക്കുക.രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ് സമയം . ഉദ്യോഗസ്ഥരുടെ പുതിയ സംഘത്തെ റീപോളിങ്ങിനായി നിയമിച്ചിട്ടുണ്ട്.
















