രാജ്യത്ത് സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെങ്കിൽ അടുത്ത 60 മുതൽ 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ യുക്രെയ്ൻ തയ്യാറാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, ലിയോ പതിനാലാമൻ മാർപ്പാപ്പ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറ്റലിയിൽ നിന്ന് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ അധികാരത്തിൽ കടിച്ചുതൂങ്ങുകയാണെന്ന ആരോപണം തള്ളിയ സെലെൻസ്കി, സുരക്ഷയാണ് തന്റെ പ്രധാന ആശങ്കയെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ യുക്രെയ്‌ൻ നേതൃത്വം യുദ്ധത്തെ ഒരു കാരണമായി ഉപയോഗിക്കുകയാണെന്നും രാജ്യം തിരഞ്ഞെടുപ്പിലേക്കു പോകേണ്ട സമയമായെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിനു പിന്നാലെയാണ് സെലെൻസ്കിയുടെ പ്രതികരണം.
സെലെൻസ്കിയുടെ വാക്കുകൾ :
മിസൈൽ ആക്രമണങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താനാകും? ജനങ്ങൾ എങ്ങനെ വോട്ട് ചെയ്യും എന്നതാണ് ചോദ്യം. സൈനിക നിയമം നിലവിലിരിക്കെ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താമെന്നതിനെക്കുറിച്ച് നിർദേശങ്ങൾ തയാറാക്കാൻ രാജ്യത്തെ നിയമനിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് യുക്രെയ്‌ൻനിലെ ജനങ്ങൾക്കു വേണ്ടിയാണ്, മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കു വേണ്ടിയല്ല. ഞങ്ങളുടെ പങ്കാളികളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ തിരഞ്ഞെടുപ്പിന് തയാറാണ്. തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം യുഎസും സഹായിക്കണമെന്ന് ഞാൻ പരസ്യമായി അഭ്യർഥിക്കുന്നു.
















