തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. പോളിങ് ബൂത്തുകൾക്ക് മുന്നിൽ രാവിലെ തന്നെ വോട്ടർമാർ എത്തിച്ചേർന്നിട്ടുണ്ട്.
വോട്ടെടുപ്പിന് മുന്നോടിയായി ഭൂരിപക്ഷം പോളിങ് സ്റ്റേഷനുകളിലും മോക്ക് പോളിങ് വിജയകരമായി നടന്നു. കോഴിക്കോട് 75% പോളിങ് സ്റ്റേഷനുകളിൽ മോക് പോളിങ് നടന്നു. എന്നാൽ മലപ്പുറം ജില്ലയിൽ മോക്ക് പോളിങ് തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. മലപ്പുറം മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 13 (പാറക്കുളം) മോക് പോളിങ് തടസ്സപ്പെട്ടു. ജില്ലാ പഞ്ചായത്തിലേക്കുള്ള മെഷീൻ ആണ് തകരാറിൽ ആയത്.
ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം തൃശൂർ മുതൽ കാസർഗോഡ് വരെ 12,408 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്. 604 തദ്ദേശസ്ഥാപനങ്ങളിലെ 12,408 വാർഡുകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 470 പഞ്ചായത്തിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.
ഏഴ് ജില്ലകളിലായി 39,013 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടർമാർ ഇന്ന് പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.
















