രാഷ്ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി ഇന്ന് മണിപ്പൂരിൽ എത്തും. രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷമുള്ള അവരുടെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഇംഫാലിലെ പോളോ എക്സിബിഷൻ, 86-ാമത് നുപി ലാൽ ദിനാചരണ പരിപാടികൾ എന്നിവയിൽ രാഷ്ട്രപതി പങ്കെടുക്കും.
രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലുടനീളം സ്വീകരണത്തിനായി ബാനറുകളും ഹോർഡിങ്ങുകളും ഒരുക്കിയിട്ടുണ്ട്.
ഇംഫാൽ എയർപോർട്ട് റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികളും നടന്നുവരികയാണ്. കലാപത്തെ തുടർന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതോടെ, ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
















