അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ സമ്പന്നരായ വിദേശ പൗരന്മാരെയും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെയും ആകർഷിക്കുന്നതിനായി ‘ട്രംപ് ഗോൾഡ് കാർഡ്’ എന്ന പേരിൽ പുതിയ വീസ പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ചു. വേഗത്തിൽ താമസാനുമതി ലഭ്യമാക്കുന്നതിലൂടെ രാജ്യത്തേക്ക് വിദേശ നിക്ഷേപം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള ഇബി-5 വീസാ പദ്ധതിക്ക് പകരമായാണ് ഈ പുതിയ സംവിധാനം വരുന്നത്.
പുതിയ പദ്ധതി പ്രകാരം, അമേരിക്കൻ പൗരത്വം ആഗ്രഹിക്കുന്ന വ്യക്തികൾക്ക് 10 ലക്ഷം ഡോളർ അതായത് ഏകദേശം 9.02 കോടി ഇന്ത്യൻ രൂപ നിക്ഷേപിക്കുന്നതിലൂടെ ‘ഗോൾഡ് കാർഡ്’ സ്വന്തമാക്കാം. ഇത് അടിസ്ഥാനപരമായി ഗ്രീൻ കാർഡിനേക്കാൾ മെച്ചപ്പെട്ടതാണെന്ന് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഇതിനായുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.
കമ്പനികൾക്കും ഈ പദ്ധതി ഉപയോഗപ്പെടുത്താം. വിദഗ്ധരായ വിദേശ തൊഴിലാളികളെ യുഎസിലേക്ക് എത്തിക്കുന്നതിനായി 20 ലക്ഷം ഡോളർ അതായത് ഏകദേശം 18.04 കോടി ഇന്ത്യൻ രൂപ നൽകി കമ്പനികൾക്ക് ഗോൾഡ് കാർഡ് നേടാം. വ്യക്തികൾക്ക് ഒരു കാർഡ് മാത്രമേ ലഭിക്കൂവെങ്കിലും കമ്പനികൾക്ക് ഒന്നിലധികം കാർഡുകൾ നേടാൻ അവസരമുണ്ട്.
ഗോൾഡ് കാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടികൾ വേഗത്തിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തിൽ 15,000 ഡോളർ ഫീസ് അടയ്ക്കണം. അതിനുശേഷം 10 ലക്ഷം ഡോളർ നൽകുന്നവർക്കാണ് കാർഡ് അനുവദിക്കുക. അപേക്ഷകരെക്കുറിച്ച് വിശദമായ പരിശോധന നടത്തും. നടപടികൾ ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകുമെന്നും അപേക്ഷകർ വീസ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.
നേരത്തെ, ഒരു ഗോൾഡ് കാർഡിനായി 50 ലക്ഷം ഡോളർ വേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും പിന്നീട് തുക കുറയ്ക്കുകയായിരുന്നു. ഈ പുതിയ വീസാ പദ്ധതിയിലൂടെ സമാഹരിക്കുന്ന കോടിക്കണക്കിന് ഡോളർ യുഎസ് സർക്കാരിന്റെ ട്രഷറിയിലെത്തും. ഈ ഫണ്ട് രാജ്യത്തിന്റെ വികസനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി.
വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി സമ്പന്നരായ വ്യക്തികൾക്ക് ‘ഗോൾഡൻ വീസ’ മാതൃകയിൽ വീസ അനുവദിക്കുന്ന രാജ്യങ്ങൾ ലോകത്തുണ്ട്. ബ്രിട്ടൻ, സ്പെയ്ൻ, ഗ്രീസ്, മാൾട്ട, ഓസ്‌ട്രേലിയ, കാനഡ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും സമാനമായ പദ്ധതികൾ നിലവിലുണ്ട്.
















