വിവാഹക്കാര്യം ചർച്ചചെയ്യാമെന്ന വ്യാജേനെ വീട്ടിലേക്ക് വിളിച്ചു വരുത്തി രണ്ടാം വര്‍ഷ എൻജിനീയറിങ് വിദ്യാര്‍ത്ഥിയെ കാമുകിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്സ് എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ ബി-ടെക് വിദ്യാര്‍ഥിയായ ജ്യോതി ശ്രാവണ്‍ സായ് (19) ആണ് കൊല്ലപ്പെട്ടത്.
തെലങ്കാനയിലെ സംഗാറെഡ്ഡി ജില്ലയിലാണ് സംഭവം. ശ്രാവൺ ഖുതുല്ലുള്ളാപ്പുരില്‍ വാടക മുറിയിൽ ആയിരുന്നു താമസിച്ചിരുന്നത്. ബീരംഗുഡയിലെ ഇസുകാബാവി സ്വദേശിനി ശ്രീജ (19) യുമായി ശ്രാവൺ പ്രണയബന്ധത്തിലായിരുന്നു. ശ്രീജയുടെ കുടുംബത്തിന് ഇവരുടെ ബന്ധത്തോട് എതിര്‍പ്പുണ്ടായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാർ പലതവണ രണ്ടുപേരെയും വഴക്കുപറയുകയും ഭീഷണിപെടുത്തുകയും ചെയ്തിരുന്നു ബന്ധത്തിൽ നിന്ന് ഒഴിയാനായി. എന്നാൽ ശ്രാവൺ അതിന് തയ്യാറല്ലായിരുന്നു. അങ്ങനെ സംഭവ ദിവസം ശ്രീജയുടെ വീട്ടുകാർ കല്യാണം കഴിപ്പിച്ചു തരാൻ സമ്മതമാണെന്നും കല്യാണ കാര്യം ചർച്ച ചെയ്യാൻ വീട്ടിലേക്ക് വരാനും പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി.
ശ്രാവൺ വീട്ടിൽ എത്തിയ ഉടൻ ശ്രീജയുടെ വീട്ടുകാർ ആക്രമിക്കാൻ തുടങ്ങുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിന് ശേഷം ശ്രാവണിനെ കുടക്കടപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച് മരിച്ചതായി സ്ഥിരീകരിച്ചു. തലയ്‌ക്കേറ്റ പരിക്കുകളും കാലിനും വാരിയെല്ലിനുമുണ്ടായ മുറിവുകളുമാണ് മരണകാരണമായതെന്നാണ് വിവരം.
അമീന്‍പുര്‍ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റും കണ്ടെടുത്തു. ആക്രമണത്തില്‍ ആരെല്ലാം പങ്കാളികളായിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
















