സിപിഎം മുൻ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത് ഇരട്ട നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി 13 ദിവസം പൂഴ്ത്തിവെച്ചതിൻ്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു എംഎൽഎക്കെതിരെ പരാതി വന്നപ്പോൾ ഉടൻ തന്നെ പോലീസിന് കൈമാറിയ മുഖ്യമന്ത്രി, സിപിഎം സഹയാത്രികനായ മുൻ എംഎൽഎ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ യുവതി നൽകിയ പരാതിയുടെ കാര്യത്തിൽ മനപ്പൂർവം കാലതാമസം വരുത്തിയെന്നാണ് സതീശൻ്റെ വിമർശനം.
നവംബർ 27-ന് മുഖ്യമന്ത്രിയുടെ കൈവശം ലഭിച്ച പരാതി പോലീസിന് കൈമാറിയത് ഡിസംബർ 2-ന് മാത്രമാണ്. കേസ് രജിസ്റ്റർ ചെയ്തത് ഡിസംബർ 8-നും. മൊത്തം 13 ദിവസത്തെ കാലതാമസമാണ് ഈ വിഷയത്തിലുണ്ടായതെന്നും, ഇത് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കോൺഗ്രസിൽ മുഴുവൻ സ്ത്രീലമ്പടന്മാരാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ സതീശൻ ശക്തമായി എതിർത്തു. “മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലും ഓഫീസിലും ഇടതുപക്ഷ എംഎൽഎമാരുടെ കൂട്ടത്തിലും ലൈംഗിക അപവാദ കേസിൽ ഉൾപ്പെട്ട എത്രപേരുണ്ട് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും” എന്നും അദ്ദേഹം പറഞ്ഞു.
ഗെയിൽ സമരവുമായി ബന്ധപ്പെട്ട് വി.എം. സുധീരനെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും വിമർശിച്ച മുഖ്യമന്ത്രിയുടെ നടപടിയെയും സതീശൻ തള്ളിപ്പറഞ്ഞു. 2017-ൽ പോലീസ് ക്രൂരമായി അടിച്ചമർത്തിയ സമരത്തിൽ, അന്നത്തെ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ ചർച്ച നടത്തുകയും പോലീസിന് താക്കീത് നൽകുകയും ചെയ്തിരുന്നു. ഈ സമരക്കാരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അംഗീകരിച്ച് വലിയ ആനുകൂല്യങ്ങൾ നൽകിയിരുന്നു.
പുതുക്കിയ ന്യായവിലയുടെ പത്തിരട്ടി നഷ്ടപരിഹാരം, 116 കോടി രൂപ അധിക വർദ്ധനവ്, വീടിനടുത്ത് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി 20 മീറ്ററിൽ നിന്ന് 2 മീറ്ററായി കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്രയേറെ ആനുകൂല്യങ്ങൾ നൽകിയിട്ടും മുഖ്യമന്ത്രി സമരത്തെ പുച്ഛിക്കുകയാണെന്ന് സതീശൻ വിമർശിച്ചു. ഉമ്മൻചാണ്ടിയുടെ കാലത്ത് പൈപ്പ് ലൈൻ ഭൂമിക്കടിയിലെ ബോംബാണ് എന്ന് പറഞ്ഞയാളാണ് ഈ മന്ത്രിസഭയിലെ ഒരു മന്ത്രിയെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രതി രണ്ടാമതും കവർച്ച കേസിൽ പ്രതിയായിട്ടും പാർട്ടി നടപടി എടുക്കാത്തതിൽ സതീശൻ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചു. “അയ്യപ്പന്റെ സ്വർണം കവർന്നവൻ ഇപ്പോഴും പാർട്ടിക്കാരനാണ് എന്ന് ജനങ്ങൾ പറയുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതി മറ്റ് സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തുമോ എന്ന ഭയം കൊണ്ടാണ് ഒരു നേതാവും നടപടിയെടുക്കാത്തതെന്നും സതീശൻ ആരോപിച്ചു. കൂടാതെ, നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അപ്പീൽ പോകേണ്ട കേസാണെന്നും യുഡിഎഫിൻ്റെ നിലപാട് അതാണെന്നും സതീശൻ വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ സിപിഎം ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. 42 വർഷമായി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടുകൂടിയാണ് ഇടതുപക്ഷവും സിപിഎമ്മും തിരഞ്ഞെടുപ്പിനെ നേരിട്ടത്. എം.വി. ഗോവിന്ദൻ ഉൾപ്പെടെ എല്ലാ പ്രാവശ്യവും നിയമസഭയിലേക്ക് വന്നത് ഈ പിന്തുണയോടെയാണ്. “വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. 42 വർഷം സിപിഎമ്മിന് ആ പിന്തുണ സ്വീകരിക്കാം, കോൺഗ്രസിന് പാടില്ല എന്ന നിലപാട് ശരിയല്ല,” സതീശൻ പറഞ്ഞു.
2016-ൽ ദേശാഭിമാനി മുഖപ്രസംഗം എഴുതിയത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയിൽ അഭിമാനിക്കുന്നു എന്നാണെന്നും, പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ വന്ന് പരിഹാസ്യരാകരുതെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
രാഹുൽ മാങ്കൂത്തിലിനെതിരായ രണ്ടാമത്തെ പരാതി “നന്നായി തയ്യാറാക്കിയ പരാതിയാണെന്ന കെപിസിസി അധ്യക്ഷൻ്റെ പ്രസ്താവനയിൽ തെറ്റൊന്നുമില്ലെന്നും പരാതി അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും സതീശൻ അഭിപ്രായപ്പെട്ടു. പരാതികളെ മുൻവിധിയോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, മുമ്പ് പ്രിന്റ് മീഡിയ മാത്രമുണ്ടായിരുന്ന കാലത്ത് നിലപാടുകൾ മാറ്റാൻ എളുപ്പമായിരുന്നെങ്കിൽ ഇന്ന് കാലം മാറിയെന്നും, പൊതുപ്രവർത്തകർ അബദ്ധം പറയാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നിലവാരം കുറഞ്ഞ മറുപടി എഴുതുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, ഓഫീസിലുള്ള ആരെങ്കിലും എഴുതിയ മറുപടി ആയിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
















