ശബരിമലയിലും പരിസരപ്രദേശങ്ങളിലും വ്യാജരേഖകളുമായി എത്തുന്നവരെ പിടികൂടാൻ സുരക്ഷാസേനകൾ പരിശോധന ശക്തമാക്കി. മകരവിളക്ക് അടുത്തിരിക്കെ, സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവരെ കണ്ടെത്തുന്നതിനാണ് ഈ നടപടി. സംസ്ഥാന ഇന്റലിജൻസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ നടപടികൾ വിപുലീകരിച്ചിരിക്കുന്നത്.
പമ്പ മുതൽ സന്നിധാനം വരെയുള്ള മുഴുവൻ പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ താൽക്കാലിക ജീവനക്കാരുൾപ്പെടെയുള്ളവരുടെ തിരിച്ചറിയൽ രേഖകൾ വിശദമായി പരിശോധിക്കും.
വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വിവിധ ജോലികളിൽ പ്രവേശിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. പോലീസും ദേവസ്വം ബോർഡും വിവരങ്ങൾ പങ്കുവെച്ച് സംയുക്തമായാണ് ഈ ദൗത്യം നടത്തുന്നത്.
മുൻപ് വ്യാജ സർട്ടിഫിക്കറ്റുകളുമായി എത്തിയവരെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു പതിവ്. കൂടാതെ, ശബരിമല വനമേഖലയിൽ പോലീസും വനംവകുപ്പും സംയുക്തമായി ആകാശ നിരീക്ഷണം നടത്തും.
തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതോടെ മോഷ്ടാക്കളും സാമൂഹികവിരുദ്ധരും ഭിക്ഷാടകരും സജീവമാകാറുണ്ട്. ഇവർ പോലീസിന്റെയും വനംവകുപ്പിന്റെയും കണ്ണിൽപ്പെടാതെ ശബരിമല പാതയോരത്തെ വനപ്രദേശങ്ങളിലാണ് തങ്ങുന്നത്.
ഇക്കൂട്ടർ വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളുമായാണ് എത്തുന്നതെന്നാണ് വിവരം. തിരക്കുള്ള സമയങ്ങളിൽ ഭക്തരെ കബളിപ്പിച്ച ശേഷം ഇവർ വനത്തിനുള്ളിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ഉൾവനങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഊർജിതമാക്കിയത്.
പോലീസിന്റെ രജിസ്റ്ററിൽ ഉൾപ്പെടാത്ത തൊഴിലാളികളെ കണ്ടെത്തിയാൽ കർശനമായ നടപടിയുണ്ടാകും. റവന്യൂ വകുപ്പിന്റെ പ്രത്യേക സ്ക്വാഡും പോലീസിന്റെ ഷാഡോ ടീമും പമ്പയിലും സന്നിധാനത്തും രാപ്പകൽ ഭേദമില്ലാതെ നിരീക്ഷണം തുടരുന്നുണ്ട്. തീർത്ഥാടനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
















