നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിക്കും. ആദ്യ 6 പ്രതികളായ എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) 20 വർഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് 6 പ്രതികൾക്കുമെതിരെ കണ്ടെത്തിയത്.
പ്രതികളെ ജയിലിൽനിന്നു രാവിലെ 11നു മുൻപു കോടതിയിലെത്തിക്കും. ഇവർക്കു ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കും.
കൂടാതെ എട്ടാം പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ വിധിന്യായത്തിൽ നിന്ന് അറിയാനാണ് പൊതുസമൂഹം കാത്തിരിക്കുന്നത്.
















