ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്ടുകളാണ് ഈ വർഷത്തെ ബിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോർ ദി ടൈം ബീയിങ് എന്നതാണ് ഇത്തവണത്തെ പ്രമേയം.
ഉച്ചയ്ക്ക് 12ന് ആസ്പിൻവാൾ ഹൗസിൽ മാർഗി രഹിത കൃഷ്ണദാസിൻ്റെ തായമ്പകയോടെയാണ് ബിനാലെ പതാക ഉയർത്തുക. നിഖിൽ ചോപ്രയാണ് ആറാം പതിപ്പിൻ്റെ ക്യൂറേറ്റർ. ഓരോ വേദിയും നഗര ചരിത്രത്തേയും, സംസ്കാരത്തേയും ഓർമിപ്പിക്കുന്നതാണ്. സംസ്കാര സമന്വയവും കലയുടെ സ്വാതന്ത്ര്യവും പൊതുസംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുയാണ് ആറാം പതിപ്പിന്റെയും ലക്ഷ്യം. ലോകമെമ്പാടുമുള്ള കലാകാരൻമാരുടെയും കൂട്ടായ്മകളുടെയും സൃഷ്ടികളാണ് പ്രധാന വേദികളിൽ എത്തുന്നത്.
29 വേദികൾ, രാജ്യാന്തര കലാകാരന്മാരുടെ സാന്നിധ്യം, കൺ നിറയെ ആർട്ടിസ്റ്റ് പ്രോജക്ടുകൾ, സമാന്തരപ്രദർശനങ്ങൾ വേറെ. ബിനാലെ സന്തോഷത്തിലേക്ക് ഫോർട്ട് കൊച്ചി കടക്കുകയാണ്. സ്റ്റുഡൻസ് ബിനാലെ, മലയാളി കലാകാരന്മാരുടെ ഇടം പ്രദർശനം എന്നിവയും പ്രത്യേകതയാണ്.
മുൻ പതിപ്പുകളെ അപേക്ഷിച്ച് മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും ആയി കൂടുതൽ ഗാലറികൾ ആറാം പതിപ്പിൽ ഉണ്ട്. 2026 മാർച്ച് 31വരെയാണ് ബിനാലെ . ഇന്നത്തെ ഉദ്ഘാടന ചടങ്ങിനു ശേഷം ഷഹബാസ് അമാൻ ,നേഹ നായർ, രശ്മി സതീഷ് എന്നിവർ സംഗീത പരിപാടി നടക്കും.
















