നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങളുമായി വിചാരണ കോടതി. ദിലീപിലേക്കെത്തിയത് പൾസർ സുനിയുടെ കത്ത് വഴിയാണെന്ന് കോടതി പറയുന്നു. എന്നാൽ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയെന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു. ആരാണ് ആ സ്ത്രീയെന്ന് കോടി ചോദിച്ചു. പൾസർ സുനി ആദ്യം ഉന്നയിച്ച സ്ത്രീയിലേക്ക് അന്വേഷണം എത്തിയില്ലെന്ന് കോടതിയുടെ കണ്ടെത്തൽ. വിചാരണ ബോധപൂർവം പ്രതിഭാഗം വൈകിപ്പിച്ചെന്നും കോടതിയുടെ കുറ്റപ്പെടുത്തൽ. അതേസമയം അതിജീവിതയുടെ മോതിരത്തിന്റെ ദൃശ്യം പകർത്തിയെന്ന പ്രോസിക്യൂഷൻ വാദം വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. ഇരയുടെ തിരിച്ചറിയൽ ഉറപ്പാക്കാനാണ് മോതിരത്തിന്റെ ദൃശ്യം പകർത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
2017 നവംബർ 22-ന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ മാത്രമാണ് പൊലീസ് ഇത് പറഞ്ഞിട്ടുള്ളത്. 2017 ഏപ്രിൽ 18-ന് സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ ഇത്തരമൊരു കാര്യത്തെക്കുറിച്ച് പരാമർശമില്ലെന്ന് കോടതിയുടെ വിധി പകർപ്പിൽ പറയുന്നു. സംഭവം നടന്ന ശേഷം നടി പലതവണ മൊഴി നൽകിയിട്ടും മോതിരത്തിന്റെ ദൃശ്യം പകർത്തിയ കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്ന് വിധി പകർപ്പിൽ പറയുന്നു. ഈ മൗനം ദുരൂഹമാണെന്ന് കോടതി പറഞ്ഞു. മോതിരത്തിന്റെ ദൃശ്യങ്ങൾ പകർത്തി എന്ന വാദം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വീഴ്ചകൾ എണ്ണിപ്പറയുന്നതാണ് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയുടെ വിധി.
ബാങ്ക് ലോക്കർ ആരോപണവും നിലനിൽക്കില്ലെന്ന് കോടതി വിധിയിൽ പറയുന്നു. മെമ്മറി കാർഡും മൊബൈൽ ഫോണും സൂക്ഷിക്കുന്നതിനായി ദിലീപ് ബാങ്ക് അക്കൗണ്ടും ലോക്കറും ആരംഭിച്ചു എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ നിഗമനം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി. പ്രോസിക്യൂഷൻ സാക്ഷിക്ക്, ലോക്കർ തുറന്ന സാഹചര്യത്തെക്കുറിച്ച് വ്യക്തമായി മൊഴി നൽകാൻ യോഗ്യതയില്ലെന്നും വെറും ആരോപണങ്ങൾ മാത്രമാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്നതെന്നും കോടതി വിധിയിൽ പറയുന്നു. പൾസർ സുനി ദിലീപിൽ നിന്ന് പണം വാങ്ങിയതിനും ജയിലിൽ നിന്ന് ദിലിപിനെ വിളിച്ചതിനും തെളിവില്ലെന്ന് വിധിയിൽ പറയുന്നു. ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് മുന്നൂറോളം പേജുകളിലാണ് വിധി പകർപ്പിൽ പറയുന്നത്.
Story Highlights : Trial court raises questions in actress attack case
















