തദ്ദേശ പോരിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ഗ്രാമപഞ്ചായത്ത് ഫലങ്ങള്‍ എട്ടേകാലോടെ വന്നു തുടങ്ങും. ആദ്യ മണിക്കൂറില്‍ തന്നെ മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ട്രെന്‍ഡുകളും വ്യക്തമാകും. പിന്നാലെ ബ്ളോക്ക്, ജില്ലാ ഫലങ്ങളും വരും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും.
ഒരു ബൂത്ത് എണ്ണിത്തീരാൻ പരമാവധി 15 മിനിറ്റ് മതിയാകും. അര മണിക്കൂർ കൊണ്ട് ഒരു വാർഡിലെ ഫലമറിയാം. തപാൽ വോട്ടുകൾ ആദ്യം എണ്ണും. നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ സൂചിപ്പിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
941 ഗ്രാമപഞ്ചായത്തുകള്‍, 86 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍, 152 ബ്ളോക്ക്, 14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവ ആരു ഭരിക്കും എന്ന് തീരുമാനിക്കാന്‍ 73.69 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വലിയ അനിഷ്ടസംഭവങ്ങളോ സംഘര്‍ഷമോ ഇല്ലാതെയാണ് പ്രചാരണവും വോട്ടെടുപ്പും പൂര്‍ത്തിയായത്.
ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.
പോളിങ് ശതമാനം കുറഞ്ഞത് എന്തെന്ന ചോദ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ പരിശോധിച്ചു വരികയാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയുള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ ഇന്നു മദ്യ വിൽപനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്‌ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല.
















