ഡൽഹിയിലെ വീട്ടിൽ അമ്മയും ആൺമക്കളും മരിച്ച നിലയിൽ. അനുരാധ കപൂർ (52), മക്കളായ ആശിഷ് കപൂർ (32), ചൈതന്യ കപൂർ (27) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പിലാക്കാൻ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വാതിലിൽ ആവർത്തിച്ച് മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, പോലീസ് വീട്ടിൽ പ്രവേശിക്കാൻ ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു.
കുടുംബം വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു. കൈപ്പടയിലെഴുതിയ കുറിപ്പ് സൂചിപ്പിക്കുന്നത് കുടുംബം നേരിടുന്ന ബുദ്ധിമുട്ടുകളാണ്. അതുകൊണ്ടാണ് അവർ അങ്ങേയറ്റത്തെ നടപടി സ്വീകരിച്ചതെന്ന് കരുതുന്നു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, കുടുംബത്തിന്റെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലം എന്നിവ പൊലീസ് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങൾക്കുമായി മൃതദേഹങ്ങൾ എയിംസ് മോർച്ചറിയിലേക്ക് മാറ്റി.
















