തായ്ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നു. വെടിനിർത്തൽ പുതുക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. അദ്ദേഹം ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുമായി സംസാരിച്ചിരുന്നു.
ജനവാസമേഖലകൾ ആക്രമിക്കപ്പെടുന്നതായി ഇരുകൂട്ടരും ആരോപിക്കുന്നതിനിടെ പലായനം ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കടന്നു. ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായും ഒരുപാട് പേർക്ക് പരുക്കേറ്റതായും കംബോഡിയയും 5 സൈനികർ കൊല്ലപ്പെടുകയും 69 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി തായ്ലൻഡും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള 817 കിലോമീറ്റർ അതിർത്തിയിൽ 16 കേന്ദ്രങ്ങളിൽ റോക്കറ്റ്, ജെറ്റ്, ഡ്രോൺ ആക്രമണം നടക്കുന്നതായി തായ് സേനാ വക്താവ് പറഞ്ഞു.
ഇരുകൂട്ടരും പരസ്പരം പഴിചാരി ആക്രമണം തുടരുമ്പോൾ സമാധാനത്തിനു മധ്യസ്ഥത വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെൻസിൽവേനിയയിൽ പറഞ്ഞു. എന്നാൽ കംബോഡിയ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും സർക്കാർ വക്താവ് പെൻ ബൊന പ്രതികരിച്ചു.
















