തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫിന് മേല്‍ക്കൈ. മുട്ടറ, വലിയതുറ ഡിവിഷണനുകളില്‍ എല്‍ഡിഎഫിന് ലീഡ്. അതേസമയം വലിയവിളയില്‍ ബിജെപിക്കാണ് പ്രാഥമിക ലീഡ്. കൊല്ലം കോഴിക്കോട് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫിനാണ് ലീഡ്.
കൊച്ചി കോര്‍പറേഷനില്‍ കനത്ത പോരാണെന്ന് ആദ്യ സൂചനകള്‍. യുഡിഎഫ് മൂന്ന്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് നിലവിലെ ലീഡ്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി ഫലം വേഗത്തിലറിയാന്‍ കഴിയും. ഗ്രാമപഞ്ചായത്ത് ഫലങ്ങളും ആദ്യഘട്ടത്തില്‍ അറിയാം.
അതിനിടെ ഏജന്‍റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലയിടത്തം തര്‍ക്കം. പാലക്കാട് നഗരസഭാ ഹാളിന് പുറത്തും എറണാകുളം ചുങ്ങണംവേലിയിലുമാണ് ബഹളം. ബൂത്ത് ഏജന്‍റുമാരെയടക്കം കയറ്റുന്നില്ലെന്നാണ് പരാതി.
ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണും. ആലപ്പുഴയില്‍ നഗരസഭ ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജു സാമുവല്‍ വിജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ.എസ്. ശബരിനാഥന്‍ മുന്നിലാണ്. മൂവാറ്റുപുഴയിൽ ഒരിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു.
സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. 36,034 പുരുഷന്മാരും 39,609 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമടക്കം 75,643 സ്ഥാനാർഥികൾ ജനവിധി തേടി. 244 കേന്ദ്രങ്ങളിലും 14 കളക്ടറേറ്റുകളിലുമായാണ് വോട്ടെണ്ണൽ.
സംസ്ഥാനത്തെ 2.86 കോടി വോട്ടർമാരിൽ 2.1 കോടി പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. 2020 ലെ തെരഞ്ഞെടുപ്പിനേക്കാൾ 2.26 ശതമാനം കുറവ് പോളിങ്ങാ ണ് രേഖപ്പെടുത്തിയതെങ്കിലും മുന്നണികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല.
രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 73.69 ശതമാനം ആണ് പോളിങ് . വയനാട് ആണ് ഏറ്റവും കൂടിയ പോളിങ് ശതമാനം. കുറവ് പത്തനംതിട്ടയിലും . കോർപ്പറേഷനുകളിൽ കൂടുതൽ പോളിങ് ശതമാനം കണ്ണൂരിലാണ്.
















