തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യത്തെ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് മുന്നേറ്റം. ആദ്യ ഘട്ട സൂചനകൾ എൻഡിഎക്ക് അനുകൂലമായതോടെ പ്രവർത്തകർ നഗരത്തിൽ വിജയാഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബി.ജെ.പിയാണ് പാലക്കാട് നഗരസഭയിൽ ആധിപത്യം പുലർത്തുന്നത്. നിലവിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പി ശക്തമായ ലീഡ് നിലനിർത്തുന്നു. എൽ.ഡി.എഫ് മൂന്ന് സീറ്റുകളിലും യു.ഡി.എഫ് രണ്ട് സീറ്റുകളിലും മാത്രമാണ് മുന്നേറ്റം കാഴ്ചവെക്കുന്നത്. കൂടാതെ, മറ്റുള്ളവർ മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
കൂടാതെ ഷൊർണ്ണൂർ നഗരസഭയിലും ബി.ജെ.പി തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. എണ്ണിയ നാല് വാർഡുകളിൽ മൂന്നിലും ബി.ജെ.പി വിജയിച്ച് അക്കൗണ്ട് തുറന്നു. പാലക്കാട് ജില്ലയിൽ ബി.ജെപി.ക്ക് മികച്ച മുന്നേറ്റമാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്നത്. നഗരസഭകളിലെ അന്തിമ ഫലം അറിയാൻ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
















