അപസ്മാര ബാധയെ തുടർന്ന് പമ്പയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകൾ വച്ചു പിടിപ്പിച്ച ഇരുപത്തിമൂന്നുകാരൻ ആശുപത്രി വിട്ടു. അപസ്മാരം വന്ന് വീണതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ എ.ആർ. അനീഷിന്റെ കൈകളാണു സേലം സ്വദേശിയായ ഗോകുലപ്രിയനിൽ വച്ചുപിടിപ്പിച്ചത്.
ഒക്ടോബർ 22 നായിരുന്നു ശസ്ത്രക്രിയ നടന്നത്. അമൃത ആശുപത്രിയിൽ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ആയിരുന്നു ശസ്ത്രക്രിയ. മരിക്കുന്നതിന് മുമ്പേ അനീഷിന്റെ ആഗ്രഹം ആയിരുന്നു അവയവ ദാനം ചെയ്യണം എന്നുള്ളത്.
2018 ൽ ആയിരുന്നു കുടുംബ സംരംഭമായ കോഴി ഫാമിലെ മേൽക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ നിന്നു വൈദ്യുതാഘാതമേറ്റ് ഗോകുലപ്രിയന് ഇരു കൈകളും നഷ്ടമായത്. അപ്പുപ്പൻ അപകടത്തിൽ മരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണു ഗോകുല പ്രിയന് അനീഷിന്റെ കൈകൾ ലഭിച്ചത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ കൈകൾ തുന്നിച്ചേർത്തു.32 ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട ഗോകുലപ്രിയനെ അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ എന്നിവരുടെ നേതൃത്വത്തിൽ കേക്കു മുറിച്ചു യാത്രയാക്കി.
















