മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഡിസംബർ 25 ന് തിയറ്ററുകളിൽ എത്തും. ഇന്നലെ വൃഷഭയിലെ ആദ്യ ഗാനം പുറത്തുവന്നിരുന്നു. “അപ്പ” എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ ആണ്. പ്രതീക്ഷിച്ചത് പോലെയല്ലെന്നും ഗാനം ഞെട്ടിച്ചെന്നുമാണ് കമന്റുകൾ. ഗാനത്തിൽ എഐ ഉപയോഗിച്ച് മോഹൻലാലിന്റെ പഴയ കാലം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ ഇപ്പോൾ ചെറിയ പ്രതീക്ഷകൾ തോന്നി തുടങ്ങുന്നെന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. വിനായക് ശശികുമാർ ആണ് ഈ ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. നേരത്തെ നവംബർ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.
ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2025 ൽ ഹിറ്റുകൾ വാരിക്കൂട്ടുന്ന മോഹൻലാലിൻറെ അടുത്ത വിജയമാകുമോ വൃഷഭ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി ‘വൃഷഭ’ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ഇതിഹാസ കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുമ്പോൾ അതുണ്ടാക്കുന്ന ആവേശം ചെറുതല്ല. അതുകൊണ്ടുതന്നെ, മലയാള സിനിമലോകം മാത്രമല്ല, ഇന്ത്യൻ സിനിമലോകം മുഴുവൻ ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.
















