മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ ഒരു വോട്ട്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഫിറോസ് ഖാനിനാണ് ആകെ ഒരു വോട്ട് മാത്രം ലഭിച്ചത്. ഏറെ വിവാദങ്ങൾ ഉണ്ടായിരുന്ന വാർഡായിരുന്നു ഒന്നാം വാർഡായ കുന്തിപ്പുഴ. നേരത്തെ വാർഡിൽ എൽഡിഎഫ് – വെൽഫെയർ പാർട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത്. ടി വി ചിഹ്നത്തിലാണ് എൽഡിഎഫ് സ്വതന്ത്രനായി ഫിറോസ് ഖാൻ മത്സരിച്ചത്.
മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ കെ സി അബ്ദുറഹ്മാൻ ആണ് വാർഡിൽ വിജയിച്ചത്. 312 വോട്ടുകളാണ് ലീഗ് നേടിയത്. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സിദ്ദിഖിന് ലഭിച്ചത് 179 വോട്ടാണ്. വാർഡിൽ എട്ട് വോട്ട് നേടിയ ബിജെപിക്കും പിന്നിലാണ് ഇടത് സ്വതന്ത്രന്റെ സ്ഥാനം.
അതേസമയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 504 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 341 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്.
STORY HIGHLIGHT : ldf independent candidate got only one vote at mannarkad ward one
















