കൊല്ലം: പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങൾ നൈമിഷികമായ വികാരത്തിനടിപ്പെട്ട് വോട്ട് ചെയ്തുവെന്നും നന്ദികേട് കാണിച്ചുവെന്ന സിപിഎം നേതാവ് എം.എം മണിയുടെ പ്രസ്താവനക്ക് ചുട്ടമറുപടിയുമായി ആർഎസ്പി നേതാവ് എ.എ അസീസ്. ‘പെൻഷൻ വാങ്ങി നന്ദികേട് കാണിച്ചെന്നു പറയാൻ, എംഎം മണിയുടെ തന്തയുടെ വകയാണോ ഇതെന്ന് അസീസ് ചോദിച്ചു. ഡിസിസിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു അസീസിന്‍റെ പരാമര്‍ശം.
അതേസമയം, വിവാദ പരാമര്‍ശം എം.എം മണി ഇന്ന് പിന്‍വലിച്ചിരുന്നു. പാർട്ടിയുടെ തിരുത്തലിനെ അംഗീകരിക്കുന്നെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും എം.എം മണി വ്യക്തമാക്കി . എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്. അങ്ങനെയൊരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും മണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ പരാമര്‍ശം വൻവിവാദമായിരുന്നു. ആനുകൂല്യങ്ങൾ കൈപ്പറ്റി, ജനങ്ങൾ പണി തന്നെന്നായിരുന്നു മണിയുടെ പരാമർശം.പരാമർശത്തില്‍ എം എം.മണിയെ തള്ളി സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ഗവാസ് രംഗത്തെത്തി. എം എം മണിയുടെ പ്രസ്താവന ഇടതുപക്ഷത്തിന് ചേരാത്തതതാണെന്നും പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്നും ഗവാസ് പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇടതുപക്ഷം പരിശോധന നടത്തണമെന്നും ഗവാസ് അഭിപ്രായപ്പെട്ടു.
















