കോഴിക്കോട് ഫറോക്കിൽ സി.പി.എം.-മുസ്‌ലിം ലീഗ് പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾക്കിടെ കടുത്ത ഭീഷണി മുഴക്കി സി.പി.എം. നേതാവ്. പാർട്ടി ബേപ്പൂർ ഏരിയ കമ്മിറ്റി അംഗം സമീറാണ് പ്രകോപനം തുടർന്നാൽ മുസ്‌ലിം ലീഗിന് ‘കരിദിനം’ ആചരിക്കേണ്ടിവരുമെന്നും, തങ്ങൾക്ക് അരിവാൾ ഉപയോഗിച്ചുള്ള ചില ‘പരിപാടികൾ’ അറിയാമെന്നും പരസ്യമായി പ്രസംഗിച്ചത്.
നേതാവിന്റെ പ്രസംഗം മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഫറോക്ക് കരുവൻ തുരുത്തിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് സമീർ ഭീഷണി സ്വരത്തിലുള്ള പരാമർശം നടത്തിയത്. പ്രദേശത്തെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ആക്രമണം നടന്നുവെന്ന് ആരോപിച്ചായിരുന്നു സി.പി.എം. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
കരുവൻ തുരുത്തി പ്രദേശത്തും ഫറോക്കിലും സമാധാനം നിലനിർത്തേണ്ടത് കൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധ പ്രകടനം മാത്രമായി ഒതുക്കിയത് എന്നും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
”ഇനിയും ഞങ്ങളുടെ പ്രവർത്തകർക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം നിങ്ങൾ സൃഷ്ടിച്ചാൽ നാളെ ഇവിടെ മുസ്‌ലീം ലീഗ് കരിദിനം ആചരിക്കേണ്ടിവരും. ഒരു തർക്കവും നിങ്ങൾക്ക് വേണ്ട,” സമീർ പ്രഖ്യാപിച്ചു.
“ഞങ്ങളുടെ ചിഹ്നം അരിവാൾ, ചുറ്റിക, നക്ഷത്രമാണ്. ഞങ്ങൾക്ക് അരിവാൾ കൊണ്ടും ചില പരിപാടി അറിയാം. അത് ഇവിടുത്തെ മുസ്‌ലിം ലീഗുകാരന് ബോധ്യപ്പെടുത്തി കൊടുക്കാൻ അവസരം മുസ്‌ലിം ലീഗുകാരൻ ആയിട്ട് ഉണ്ടാക്കരുത്,” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രകോപനം ഉണ്ടാക്കിയത് ലീഗ് പ്രവർത്തകരാണ് എന്ന ആരോപണവും പ്രസംഗത്തിൽ ഉന്നയിച്ചു.
“ഇവിടെ നിങ്ങൾ ഇന്നൊരു പടക്കം എടുത്ത് എറിഞ്ഞു. ഒരു ഗുണ്ട് എറിഞ്ഞ് ഞങ്ങളുടെ സഖാവിന്റെ വീടിനകത്തേക്ക് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു. പ്രകോപനം ഇന്നലെയും നിങ്ങൾ ഉണ്ടാക്കി. ഇന്നും നിങ്ങൾ ഉണ്ടാക്കുന്നു,” സമീർ പറഞ്ഞു. സി.പി.എം. നേതാവിന്റെ ഈ പ്രസംഗം ഇരുപാർട്ടികളും തമ്മിലുള്ള നിലവിലെ സംഘർഷത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്. ഇതിനെതിരെ മുസ്‌ലിം ലീഗ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















