ഹോളിവുഡ് ഫ്രാഞ്ചൈസായ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസി’ന്റെ ഭാഗമാകാൻ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൽ താരം അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിലെ നടനും നിർമാതാവും കൂടിയായ വിൻ ഡീസലിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് റൊണാൾഡോയുടെ ഹോളിവുഡ് പ്രവേശം വീണ്ടും ചർച്ചയായത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം വിൻ ഡീസൽ നൽകിയ അടിക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ‘എല്ലാവരും ചോദിക്കുന്നു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിൽ റൊണാൾഡോ ഉണ്ടാകുമോ എന്ന്. അദ്ദേഹത്തിനായി ഒരു വേഷം എഴുതിയിട്ടുണ്ട്’ എന്നാണ് വിൻ ഡീസലിന്റെ പോസ്റ്റ്. റൊണാള്‍ഡോ ഫ്യൂരിയസ് പരമ്പരയിലുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താരം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയിലാണ് വിൻ ഡീസലിന്‍റെ പോസ്റ്റും കുറിപ്പും ചർച്ചയാകുന്നത്.
അമേരിക്കൻ ആക്ഷൻ സിനിമയായ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പരമ്പരയിലെ പതിനൊന്നാമത് ചിത്രമായാണ് ‘ഫാസ്റ്റ് എക്സ്: പാർട്ട് 2’ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം പരമ്പരയിലെ അവസാന ചിത്രം കൂടിയാണിത്. 2027ഓടെ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.
വിൻ ഡീസൽ അവതരിപ്പിക്കുന്ന ഡോം എന്ന കഥാപാത്രവും പരമ്പരയിലെ ബ്രയാൻ ഒ കോണർ എന്ന കഥാപാത്രവും പുതിയ സിനിമയിൽ കണ്ടുമുട്ടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അന്തരിച്ച നടൻ പോൾ വാക്കറായിരുന്നു ബ്രയാനായി എത്തിയത്. ഏകദേശം 340 മില്യൻ ഡോളറാണ് പരമ്പരയിലെ അവസാന ചിത്രത്തിന്റെ ബജറ്റ്. 2021ൽ പുറത്തിറങ്ങിയ ‘എഫ്9’ ആയിരുന്നു പരമ്പരയിലെ ഏറ്റവും വലിയ പണം വാരി ചിത്രം. 725 മില്യൻ ഡോളറായിരുന്നു ആഗോള ബോക്സ് ഓഫീസിൽ ചിത്രം നേടിയത്.
















