ബോളിവുഡിൽ ‘നെപ്പോ കിഡ്’ എന്ന വിമർശനവും സോഷ്യൽ മീഡിയ ട്രോളുകളും ഏറ്റവും കൂടുതൽ നേരിട്ട താരങ്ങളിൽ ഒരാളാണ് ആലിയ ഭട്ട്. എന്നാൽ ഇന്ന് ആ വിമർശനങ്ങളെയെല്ലാം മറികടന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബ്രാൻഡ് മൂല്യമുള്ള നടിയായി മാറിയിരിക്കുകയാണ് അവർ. ഏറ്റവും പുതിയ ക്രോൾ (Kroll) സെലിബ്രിറ്റി ബ്രാൻഡ് വാല്യുവേഷൻ റിപ്പോർട്ട് പ്രകാരം ഏകദേശം 890 കോടിയിലധികം രൂപയുടെ ബ്രാൻഡ് മൂല്യവുമായി ഇന്ത്യൻ വനിതാ സെലിബ്രിറ്റികളിൽ ഒന്നാം സ്ഥാനത്താണ് ആലിയ.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ പട്ടികയിൽ ഷാരൂഖ് ഖാൻ, വിരാട് കോഹ്ലി, രൺവീർ സിംഗ് തുടങ്ങിയവർക്കു പിന്നിൽ ആറാം സ്ഥാനത്താണ് ആലിയ. 761 കോടി രൂപ ബ്രാൻഡ് മൂല്യമുള്ള ഭർത്താവ് രൺബീർ കപൂറിനെ പോലും അവർ പിന്തള്ളി. Calculators& Reference Tools
അഭിനയത്തിനപ്പുറം ബ്രാൻഡ് സാമ്രാജ്യം
സിനിമകളിലെ വിജയത്തോടൊപ്പം പരസ്യലോകത്തും ആലിയയുടെ സാന്നിധ്യം ശക്തമാണ്. ഹോളിവുഡ് അരങ്ങേറ്റവും വ്യത്യസ്ത കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും ബ്രാൻഡ് മൂല്യം ഉയർത്തുന്നതിൽ നിർണായകമായി. അന്താരാഷ്ട്ര ലക്ഷ്വറി ബ്രാൻഡായ ഗുച്ചിയുടെ ആദ്യ ഇന്ത്യൻ ഗ്ലോബൽ ബ്രാൻഡ് അംബാസഡറെന്ന നേട്ടവും ആലിയക്കാണ്.
വസ്ത്രങ്ങൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്‌സ് തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യമുഖമായ ആലിയ, സ്വന്തം കുട്ടികളുടെ വസ്ത്ര ബ്രാൻഡായ ‘Ed-a-Mamma’ വിജയകരമായി വളർത്തിയെടുത്തതിലൂടെ ബിസിനസ് രംഗത്തും ശ്രദ്ധേയയായി.
ആദ്യ ഓഡിഷനിൽ തന്നെ പുറത്തായി
സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളായതിനാൽ സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നെങ്കിലും തുടക്കം അത്ര സുഗമമായിരുന്നില്ല. ഒൻപതാം വയസിൽ സഞ്ജയ് ലീല ഭൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിനായുള്ള ഓഡിഷനിൽ പങ്കെടുത്തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല.
2012-ൽ കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലേക്ക് നൂറുകണക്കിന് മത്സരാർത്ഥികളിൽ നിന്നാണ് ആലിയ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സിനിമയ്ക്കായി 16 കിലോ ഭാരം കുറയ്ക്കണമെന്ന നിബന്ധന അവർ മൂന്ന് മാസത്തിനുള്ളിൽ കഠിനാധ്വാനത്തിലൂടെ പൂർത്തിയാക്കി.
ട്രോളുകളും ‘നെപ്പോ കിഡ്’ വിമർശനവും
സ്റ്റുഡന്റ് ഓഫ് ദി ഇയർ വിജയിച്ചെങ്കിലും ആലിയയുടെ അഭിനയത്തിന് വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഒരു ടെലിവിഷൻ ചാറ്റ് ഷോയിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റിനെക്കുറിച്ചുള്ള ചോദ്യത്തിന് തെറ്റായ മറുപടി നൽകിയതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളിംഗിനും പരിഹാസങ്ങൾക്കും ഇരയായി.
പിന്നീട് ബോളിവുഡിലെ സ്വജനപക്ഷപാത ചർച്ചകൾ ശക്തമായപ്പോൾ “പ്രിവിലേജിലൂടെ മാത്രം അവസരങ്ങൾ നേടിയ നടി” എന്ന വിമർശനവും ആലിയയെ പിന്തുടർന്നു. ഇതിന് ആലിയ നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടു. “സിനിമാ കുടുംബത്തിൽ ജനിച്ചതിലൂടെ എനിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ ഒരു വാതിൽ തുറക്കാൻ മാത്രം അതു സഹായിക്കും. അവിടെ തുടർന്നുനിൽക്കാൻ കഴിവും കഠിനാധ്വാനവും അനിവാര്യമാണ്.” എന്നായിരുന്നു താരത്തിന്റെ മറുപടി.
അഭിനയത്തിലൂടെ വിമർശകർക്ക് മറുപടി
‘ഗ്ലാമർ നായിക’ എന്ന ഇമേജ് മാറ്റിമറിച്ചത് ഇംതിയാസ് അലിയുടെ ഹൈവേ ആയിരുന്നു. തുടർന്ന് ഉഡ്താ പഞ്ചാബ്, റാസി, ഗംഗുഭായ് കത്തിയാവാഡി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ആലിയയെ മികച്ച അഭിനേത്രിമാരുടെ നിരയിലേക്ക് ഉയർത്തി.
ഫിലിംഫെയർ പുരസ്കാരങ്ങൾക്കൊപ്പം ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയ ആലിയ, ഒരുകാലത്ത് “സിനിമയിൽ ഭാവിയില്ല” എന്ന് വിലയിരുത്തപ്പെട്ട നടിയിൽ നിന്ന് ഇന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വനിതാ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്.
കുടുംബപശ്ചാത്തലം ആദ്യ അവസരം നൽകിയെങ്കിലും, കഴിവും സ്ഥിരതയുമാണ് ആലിയ ഭട്ടിനെ ഇന്ന് ഇന്ത്യൻ സിനിമയുടെയും ബ്രാൻഡ് ലോകത്തിന്റെയും ഏറ്റവും ശക്തമായ പേരുകളിലൊന്നാക്കി മാറ്റിയത്.
















