കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ (ഐ.എഫ്.എഫ്.കെ.) യിൽ പാലസ്തീനിൽ നിന്നുള്ള ഉൾപ്പെടെ പത്തൊൻപത് സിനിമകൾക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച നടപടി വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്നും, ഇത് സിനിമ കാണുവാനും പഠിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ചലച്ചിത്രപ്രവർത്തകരും ആസ്വാദകരും അഭിപ്രായപ്പെടുന്നു.

വിദേശ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഏഴ് സിനിമകൾ മേളയിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മേളയുടെ ഉദ്ഘാടനചിത്രമായി നിശ്ചയിച്ച പലസ്തീൻ-36, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, 2017-ലെ മേളയിൽ സുവർണ്ണ ചകോരം നേടിയ വാജിബ്, വിഖ്യാത ചിത്രങ്ങളായ ബാറ്റിൽ ഷിപ്പ് പൊട്ടംക്കിൻ (1925), ഫെർണാണ്ടോ സൊളാനസിന്റെ ദി അവർ ഓഫ് ദ ഫർണസ് (1968) എന്നീ ചിത്രങ്ങൾക്കും പ്രദർശനാനുമതി നിഷേധിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. ‘ബീഫ്’ എന്ന സ്പാനിഷ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത് പേരിന്റെ പേരിൽ മാത്രമാണോയെന്ന് പോലും ആക്ഷേപം ഉയർന്നിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഈ നടപടിക്കെതിരെ വിഖ്യാത ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ടി.വി. ചന്ദ്രൻ, ഡോ. ബിജു, മനോജ് കാന തുടങ്ങിയവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സിനിമയെ നിരാകരിക്കുന്ന നിലപാട് ശരിയല്ലെന്നും ആ നീക്കം അതിഭയാനകമാണെന്നും ടി.വി. ചന്ദ്രൻ പ്രതികരിച്ചു.

സിനിമ പഠിക്കാനും അറിയാനുമുള്ള അവകാശത്തിന്റെ നിഷേധമാണ് ഇതെന്നും, ജീവൻ കൊടുത്തും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മനോജ് കാന ആവശ്യപ്പെട്ടു. സിനിമകളുടെ പ്രദർശനം നിഷേധിച്ചതിന്റെ കാരണങ്ങൾ അന്വേഷിക്കണമെന്നും, കേന്ദ്ര സർക്കാരിനാണോ ചലച്ചിത്ര അക്കാദമിക്കാണോ വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും ഡോ. ബിജു ആവശ്യപ്പെട്ടു.

നിലവിൽ ചലച്ചിത്രോത്സവ വേദിയിൽ ചലച്ചിത്ര ആസ്വാദകരും നിരൂപകരും പ്രേമികളും ഒന്നാകെ അതിശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധം ഉയർന്നു വരേണ്ടത് സാംസ്കാരിക ബോധമുള്ള ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന അഭിപ്രായമുയരുന്നു. മുപ്പത് വർഷമായി ഭംഗിയായി തുടരുന്ന ചലച്ചിത്രോത്സവം നിലനിൽക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ഏത് രാഷ്ട്രീയപാർട്ടി ഭരിച്ചാലും ഈ ഉത്സവം തുടരുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര ലോകം.
















