ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നടപടികളെ നിശിതമായി ചോദ്യംചെയ്ത് ഹൈക്കോടതി. കേസിലെ മൂന്നാം പ്രതിയായ മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ്, സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. തെളിവുകളുടെ അഭാവം കേസിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാമെന്ന സൂചനയാണ് കോടതി നൽകുന്നത്.
1998-ൽ ശ്രീകോവിലിന്റെ കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതായിരുന്നു എന്ന് സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളോ തെളിവുകളോ കോടതിയിൽ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനോ (എസ്.ഐ.ടി.) കഴിഞ്ഞില്ല. സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സ്വർണം വേർതിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.
“ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ? രേഖയില്ലെങ്കിൽ പിന്നെ കേസ് എങ്ങനെ നിലനിൽക്കും?” – കോടതി സർക്കാരിനോട് ചോദ്യമുയർത്തി.
സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തി, സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകി എന്ന കുറ്റത്തിനാണ് അന്നത്തെ ദേവസ്വം ബോർഡ് കമ്മീഷണറായിരുന്ന എൻ. വാസു ജയിലിൽ കഴിയുന്നത്. കട്ടിളപ്പാളി മുൻപ് സ്വർണം പൊതിഞ്ഞതായി ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ല എന്ന വാദമാണ് എൻ. വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്.
എഫ്.ഐ.ആറിൽ കട്ടിളപ്പാളി മാത്രമാണ് പ്രധാന വിഷയമായി പരാമർശിച്ചിരുന്നതെങ്കിലും, ശിവരൂപം, ആർച്ച, വ്യാളി, രാശി പ്ലേറ്റ്, ദശാവതാരം എന്നിവയും കേസിൽ ഉൾപ്പെട്ടതാണെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. എന്നാൽ, ഈ റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിലോ വിജിലൻസ് കോടതിയിലോ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നിലവിലെ എഫ്.ഐ.ആർ പ്രകാരം കട്ടിളപ്പാളി തന്നെയാണ് പ്രധാന വിഷയമെന്ന് വ്യക്തമാക്കി. മറ്റ് വസ്തുക്കളെക്കുറിച്ച് പറയുന്ന റിപ്പോർട്ടിന് നിയമപരമായ സാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വർണക്കൊള്ള നടന്ന 2019-ൽ എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതിച്ചേർക്കാൻ 2019 മാർച്ച് 19-ന് വാസു നിർദേശം നൽകിയെന്ന കണ്ടെത്തലാണ് അദ്ദേഹത്തെ കേസിൽ മൂന്നാം പ്രതിയാക്കിയത്. മാർച്ച് 31-ന് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറിയ അദ്ദേഹം, പിന്നീട് എ. പത്മകുമാറിന് ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.
വാസു പ്രസിഡന്റായിരിക്കെ, സ്വർണം പൂശൽ കഴിഞ്ഞശേഷം മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അയച്ച വിവാദ ഇ-മെയിൽ സന്ദേശവും കേസിൽ വഴിത്തിരിവായി. സ്വർണം പൂശിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും, ഇത് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചുകൊണ്ടുള്ളതായിരുന്നു ഇ-മെയിൽ.
എന്നാൽ, ഇ-മെയിൽ സന്ദേശം താൻ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമുള്ള വാസുവിന്റെ വിശദീകരണം തൃപ്തികരമായിരുന്നില്ല. തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാട്ടിയതോടെ, കേസിന്റെ ഭാവി നടപടികൾ നിർണായകമാകും.
















