രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം പിടിയിൽ. 7 സംസ്ഥാനങ്ങളിൽ നിന്ന് 50 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ സംഘത്തിലെ 10 പേരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്.
ഓപ്പറേഷൻ ചക്രയുടെ ഭാഗമായിട്ടായിരുന്നു റെയ്ഡ് നടത്തിയത്. വ്യാജ ലോൺ ആപ്പുകൾ, തൊഴിൽ വാഗ്ദാനം, ഷെൽ കമ്പനികൾ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികൾ പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. ഡൽഹിക്കു പുറമെ കേരളം, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിൽ ഏത് സ്ഥലത്തുനിന്നാണ് ഡൽഹി പോലീസ് റെയ്ഡ‍് നടത്തിയതെന്ന് വ്യക്തമല്ല. പിടിയിലായ സംഘത്തിനെതിരെ 60 ഓളം പരാതികൾ പൊലീസിന് ലഭിച്ചിരുന്നു.
















