കന്നഡ സിനിമ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ സംഘം. ചൈത്രയുടെ ഭർത്താവും നിർമാതാവുമായ ഹർഷവർധൻ ആണ് തട്ടിക്കൊണ്ടുപോകാനായി കൗശിക് എന്ന വ്യക്തിക്ക് ക്വട്ടേഷൻ നൽകിയത്. മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാൻ വേണ്ടിയാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് അറിയിച്ചു.
2023ലാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും വേർപിരിഞ്ഞ ശേഷം ചൈത്ര തിരികെ സീരിയൽ നടിയായി തുടരുകയായിരുന്നു. ഡിസംബർ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകുമ്പോഴായിരുന്നു കൗശിക്ക് കൃത്യം നടത്തിയത്.
മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ വിളിക്കുകയും കുട്ടിയെ അർസികെരെയിലേക്ക് എത്തിച്ചാൽ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയും ചെയ്തു.
തട്ടിക്കൊണ്ടുപോകലിനായി 20,000 രൂപ കൗഷിക്കിന് അഡ്വാൻസായി നൽകിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ചൈത്രയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
















