പൗരത്വ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകള്‍ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിരുന്നു. ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവര്‍ 2026 ഏപ്രില്‍ 27ന് മുമ്പ് അപേക്ഷ നല്‍കണമെന്നും അതിനുശേഷം സര്‍ട്ടഫിക്കറ്റ് ലഭിക്കില്ലെന്നും അവകാശപ്പെടുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലീം സമൂഹത്തിനുള്ള മുന്നറിയിപ്പ് എന്ന രീതിയിലാണ് പലരും ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്.
അന്വേഷണം
ജനന സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷനുള്ള അവസാന തിയതി സംബന്ധിച്ച് കീവേർഡ് സെർച്ച് നടത്തിയപ്പോൾ അടുത്തിടെ ഇതുസംബന്ധിച്ച റിപ്പോർട്ടുകളൊന്നും പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്താനായില്ല. എന്നാൽ 2025 ഫെബ്രുവരിയിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ ഇത്തരം റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. വിശദമായി പരിശോധിച്ചപ്പോൾ ജനന സർട്ടിഫിക്കറ്റ് സംബന്ധിച്ച ഓൺലൈൻ മാധ്യമ വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി ഇടിവി ഭാരത്, ലേറ്റസ്റ്റ്‌ലി തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ലഭ്യമായി. ജനന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ കേന്ദ്രസർക്കാർ അന്തിമ തിയതി നിശ്ചയിട്ടില്ലെന്നും ഇതുസംബന്ധിച്ച പോസ്റ്റുകൾ വ്യാജമാണെന്നും വ്യക്തമാക്കി പിഐബി നൽകയി വിശദീകരണമാണ് വാർത്തകളിലുള്ളത്. ഇത് ചുവടെ കാണാം.
ജനന-മരണ രജിസ്‌ട്രേഷൻ
2023 ഓഗസ്റ്റിലാണ് ആഭ്യന്തര മന്ത്രാലയം ജനന-മരണ രജിസ്‌ട്രേഷൻ (ഭേദഗതി) ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചത്. 2023 ഓഗസ്റ്റ് 11 ന് രാഷ്ട്രപതിയുടെ അംഗീകാരത്തെത്തുടർന്ന് ബിൽ നിയമമായി. ഈ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തൽ, പൗരത്വ രേഖ, സർക്കാർ ജോലികളിലെ നിയമനം, ഡ്രൈവിംഗ് ലൈസൻസ് നൽകൽ, റേഷൻ കാർഡ്, സ്വത്ത് രജിസ്‌ട്രേഷൻ, പാസ്പോർട്ട് എന്നിവയുൾപ്പെടെ എല്ലാ മേഖലകൾക്കും ജനന സർട്ടിഫിക്കറ്റ് നിർബന്ധിത രേഖയാണ്.
ജനന-മരണ രജ്‌സിട്രേഷൻ സംബന്ധിച്ച് വൈറൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ചിലതെല്ലാം യഥാർഥമാണ്. എന്നാൽ പൗരത്വത്തിനോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ വേണ്ടി ജനന തിയതി രജിസ്റ്റർ ചെയ്യാൻ ഒരു അന്തിമ തിയതി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ഇതുവരെ ജനന സർട്ടിഫിക്കറ്റ് എടുക്കാത്ത മുതിർന്നയാളുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അന്തിമ തിയതി 2026 ഏപ്രിൽ 27 ആണെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
















