സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 2025 ഡിസംബർ 21-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ഭരണസമിതികൾക്കായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മുനിസിപ്പൽ കൗൺസിലുകളിലെയും കോർപ്പറേഷനുകളിലെയും ചെയർപേഴ്‌സൺ, മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26-ന് രാവിലെ 10.30-നും ഡെപ്യൂട്ടി ചെയർപേഴ്‌സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30-നും നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 27-ന് രാവിലെ 10.30-നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30-നും നടത്തുന്നതായിരിക്കും.
ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരെയാണ് ഭരണാധികാരികളായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ ഭരണാധികാരികൾക്ക് ചുമതല നൽകിയിട്ടുണ്ട്. മുനിസിപ്പാലിറ്റികളിൽ ഇതിനായി പ്രത്യേക ഭരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന യോഗത്തിൽ സ്ഥാനാർത്ഥിയെ ഒരാൾ നാമനിർദ്ദേശം ചെയ്യുകയും മറ്റൊരാൾ പിന്താങ്ങുകയും വേണം. നാമനിർദ്ദേശം ചെയ്യപ്പെട്ടയാൾ യോഗത്തിൽ ഹാജരല്ലെങ്കിൽ സമ്മതപത്രം ഹാജരാക്കണം. സംവരണമുള്ള സ്ഥാനങ്ങളിൽ മത്സരിക്കുന്ന അംഗങ്ങൾക്ക് നാമനിർദ്ദേശമോ പിന്താങ്ങലോ ആവശ്യമില്ല. ഒരാൾ ഒന്നിൽ കൂടുതൽ പേരെ നിർദ്ദേശിക്കുവാനോ പിന്താങ്ങുവാനോ പാടില്ല.
ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേനയായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയായിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും.
അപ്രകാരം മാറ്റിയ യോഗത്തിൽ ക്വാറമില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തും. രണ്ട് സ്ഥാനാർത്ഥികൾ മാത്രമുള്ളപ്പോൾ കൂടുതൽ വോട്ടുകൾ നേടുന്നയാൾ തിരഞ്ഞെടുക്കപ്പെടും. ഇരുവർക്കും തുല്യ വോട്ടാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും. രണ്ടിലധികം പേർ മത്സരിക്കുമ്പോൾ, ഒരു സ്ഥാനാർത്ഥിക്ക് മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചാൽ അയാൾ തിരഞ്ഞെടുക്കപ്പെടും. അല്ലാത്തപക്ഷം ഏറ്റവും കുറവ് വോട്ട് ലഭിച്ചയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും.
ഈ പ്രക്രിയ വിജയിയെ കണ്ടെത്തും വരെ തുടരും. ഒന്നിലധികം പേർക്ക് തുല്യമായി കുറഞ്ഞ വോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെ ഒരാളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് തുടരും. സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യാത്ത അംഗങ്ങൾക്ക് യോഗനടപടികളിൽ പങ്കെടുക്കുവാനോ വോട്ടു ചെയ്യുവാനോ അവകാശമില്ല. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഭരണാധികാരി അംഗങ്ങളുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി ഫലപ്രഖ്യാപനം നടത്തും. ഫലപ്രഖ്യാപനത്തിന് ശേഷം മേയർ, ചെയർപേഴ്‌സൺ, പ്രസിഡന്റ് എന്നിവർ വരണാധികാരി മുൻപാകെയും ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ, വൈസ് പ്രസിഡന്റ് എന്നിവർ യഥാക്രമം മേയർ, ചെയർമാൻ, പ്രസിഡന്റ് എന്നിവർ മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യും.
അഞ്ച് വർഷ കാലാവധി ഡിസംബർ 20-ന് പൂർത്തിയാകാത്ത മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെയും ചോക്കാട് ഗ്രാമപഞ്ചായത്തിലെയും അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 22-നും ഡിസംബർ 26-നും നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഈ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 31-ന് രാവിലെ 10.30-നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30-നും നടക്കും.
സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 13-ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുന്നത്.
വിജ്ഞാപനം നാളെ ഡിസംബർ 17 പുറപ്പെടുവിക്കും. ഡിസംബർ 24 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികയുടെ സൂക്ഷ്മ പരിശോധന ഡിസംബർ 26-നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ 29-നുമാണ്. വോട്ടെണ്ണൽ ജനുവരി 14-ന് നടക്കും. നിലവിൽ സ്ഥാനാർത്ഥികളായിട്ടുള്ളവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും.
















