അർജന്റീനിയൻ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യ സന്ദർശനം വൻ ജന ശ്രദ്ധയാണ് നേടിയത്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് താരം വന്ന വിമാനം തന്നെ ആയിരുന്നു. 135 കോടി രൂപ വിലയുള്ള സ്വകാര്യ വിമാനത്തിലാണ് താരം വന്നിറങ്ങിയത്. വൈകാതെ അദ്ദേഹത്തിന്റെ ഗൾഫ്സ്ട്രീം വി എന്ന വിമാനത്തെക്കുറിച്ച് വാർത്തകൾ വന്നു തുടങ്ങി. എന്നാൽ ‘ഗോട്ട് ഇന്ത്യ ടൂർ 2025 ൽ പങ്കെടുക്കാൻ മെസ്സി വന്നത് സ്വന്തം വിമാനത്തിലല്ല, വന്നത് ദുബായ് വഴിയല്ല, ബാർസിലോണയിൽ നിന്ന് നേരിട്ടുമല്ല, അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഫോർട്ട് ലാഡർഡേയ്‌ലിൽ നിന്ന് ബാർസലോണയിലേക്കും അവിടെ നിന്ന് കൊൽക്കത്തിയിലേക്കുമാണ് മെസ്സി പറന്നത്’. തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവരുന്നത്. ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
മെസ്സി സ്വന്തം പ്രൈവറ്റ് ജെറ്റിൽ വരുന്നു എന്ന മുൻകൂർ വാർത്തകൾ നൽകിയ മുൻവിധിയാണ്, മെസ്സിയുടെ വിമാനം എന്ന നെറ്റിലെമ്പാടും പറയുന്ന ഗൾഫ്‌സ്ട്രീം-5, എൽവി-ഐർക്യുവിനായി വിമാനട്രാക്കിങ് സൈറ്റുകളിൽ പരതാൻ കാരണം. ആ റജിസ്‌ട്രേഷനിലുള്ള വിമാനം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, മിക്ക സെലിബ്രിറ്റികളെയും പോലെ വിലാസം മറച്ചു പറക്കുന്ന ശീലം മെസ്സിക്കുമുള്ളതിനാൽ, പേരില്ലാത്ത ഒരു ഗൾഫ്‌സ്ട്രീം5 വിമാനം ശനിയാഴ്ച പുലർച്ചെ തന്നെ കൊൽക്കത്തയിലിറങ്ങിയത് മേൽപ്പറഞ്ഞ വിമാനം തന്നെയാവും എന്നു കരുതുകയും ചെയ്തു.
ആ വിമാനത്തിന്റെ ബാർസലോണയിൽ നിന്ന് കൊൽക്കത്തിയിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കുമുള്ള റൂട്ട് തപ്പിയെടുക്കുമ്പോഴും അത്, മെസ്സി വാടകയ്ക്ക് എടുത്ത ഒരു സ്വകാര്യ അമേരിക്കൻ ചാർട്ടർ കമ്പനിയുടെ, ഗൾഫ്‌സ്ട്രീം-5 ഇനത്തിൽത്തന്നെയുള്ള മറ്റൊരു വിമാനമാണ് എന്ന് അറിഞ്ഞതുമില്ല.കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ‘മെസ്സിയുടെ വിമാനം’ ടേക്കോഫു ചെയ്യുന്നു എന്ന വിവരണത്തോടെ ചാനലുകൾ കൊടുത്ത ദൃശ്യങ്ങളിൽ വ്യക്തമായി കാണാവുന്ന ‘എൻ585ജെസി’ എന്ന റജിസ്‌ട്രേഷനാണ് സംഭവം വ്യക്തമാക്കിയത്. സതേൺ ക്രോസ് എയർക്രാഫ്റ്റ് എന്ന വിമാന ചാർട്ടർ കമ്പനിയുടെ, ഈ 25 കൊല്ലം പഴക്കമുള്ള, ഗൾഫ്‌സ്ട്രീം-5 വിമാനത്തിന്റെ ഫ്‌ളോറിഡ-ബാർസലോണ യാത്രാപഥവും അങ്ങിനെ കണ്ടെടുക്കാനായി.
ഡിസംബർ 11 വ്യാഴാഴ്ച രാത്രി എട്ടിരുപതോടെ ഫ്‌ളോറിഡയിലെ ഫോർട്ട് ലാഡർഡേയ്‌ലിൽ നിന്ന് ടേക്കോഫ് ചെയ്ത വിമാനം സ്‌പെയിനിലെ ബാർസലോണയിലെത്തുന്നത് വെള്ളിയാഴ് രാവിലെ പത്തിരുപതിന്. അവിടെ നിന്ന് കൊൽക്കത്തയ്ക്ക് പറക്കുന്നത് അന്നുച്ചയ്ക്ക് 12.26ന്. കൊൽക്കത്തയിലെത്തുന്നത് ശനി പുലർച്ചെ 2.26നും. ശനിയാഴ്ച ഉച്ചയ്ക്കു 2.24 ന് ഹൈദരാബാദിനു പറന്ന വിമാനം അവിടെ നാലരയ്ക്ക് എത്തി. അവിടെ നിന്ന് ഞായറാഴ്ച മുംബൈയ്ക്കു പറന്ന വിമാനം അവിടെയെത്തുന്നത് രാവിലെ 11.50ന്. തിങ്കളാഴ്ച ഡൽഹിക്കു പറന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡു ചെയ്യുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്ക്.
ഇങ്ങിനെ വിമാനത്തെപ്പറ്റിയും റൂട്ടുകളെപ്പറ്റിയുമുള്ള അവ്യക്തതകളെല്ലാം നീങ്ങുമ്പോൾ ഒരു സംശയം ബാക്കി-
എന്നാലും എന്തുകൊണ്ടായിരിക്കും, ലോകത്തെല്ലാ മാധ്യമങ്ങളും എന്നെന്നും എഴുതിക്കൊണ്ടിരുന്ന, സ്വന്തം, എൽവി-ഐആർക്യു വിമാനത്തിൽ മെസ്സി വരാതിരുന്നത്? (ആ വിമാനത്തിന്റെ വാലിലെ ’10’ ആറു കൊല്ലം മുമ്പും, പിന്നെ വരച്ച സിംഹത്തല കഴിഞ്ഞെകൊല്ലവും മായ്ച്ചുകളഞ്ഞതിന് മറ്റെന്തെങ്കിലും അർത്ഥമുണ്ടോ, ഇനി?) സ്വന്തം വിമാനത്തിൽ വരാൻ കഴിയാതിരുന്നിട്ടും അതേ ഇനം വിമാനം തെരഞ്ഞെുപിടിച്ച് ചാർട്ടർ ചെയ്ത ബ്രാൻഡ് ലോയൽറ്റിയും ഇവിടെ സ്മരിക്കണം.
ഗള്‍ഫ്സ്ട്രീ വിയുടെ പ്രത്യേകതകൾ…
സുരക്ഷയിലും പെർഫോമൻസിലും മുൻപന്തിയിലുള്ള ഗൾഫ്സ്ട്രീം വി അകത്തളത്തിലെ സൗകര്യങ്ങളിലും തികഞ്ഞ ആഡംബരം പുലർത്തുന്നുണ്ട്. ഒരു വീടിനെന്നപോലെ അടുക്കള വിമാനത്തിലുണ്ട്. രണ്ട് ബാത്ത്റൂമുകൾ. 16 സീറ്റുകളാണ് വിമാനത്തിനുള്ളത്. അവ 8 കിടക്കകളാക്കി മാറ്റാനും കഴിയും. അതായത്, ദീർഘദൂര യാത്രപോലും ഗൾഫ്സ്ട്രീം വിയിൽ വീട്ടിലെന്ന പോലെ ആസ്വദിക്കാം.
















