28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) പലസ്തീൻ വിഷയം പ്രമേയമാക്കിയ ചിത്രങ്ങൾ ഉൾപ്പെടെ ചില സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിനെ ന്യായീകരിച്ച് നിർമ്മാതാവ് ജി. സുരേഷ് കുമാർ രംഗത്ത്. മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം വരുത്തുന്ന കാര്യങ്ങൾ ചെയ്യാൻ കേന്ദ്ര സർക്കാരിനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ചിത്രങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് ഡെലിഗേറ്റുകളെ നിരാശരാക്കുമെന്നത് ശരിയാണെന്ന് സമ്മതിച്ച സുരേഷ് കുമാർ, 19 ചിത്രങ്ങളിൽ 4 എണ്ണത്തിന് നിലവിൽ അനുമതി നൽകിയിട്ടുണ്ടെന്നും ഇനിയും അനുമതി ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. “കേന്ദ്ര സർക്കാരിന് മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധമുണ്ട്. ആ രാജ്യങ്ങളെ മോശമായി ചിത്രീകരിക്കുന്ന സിനിമകൾ ഇവിടെ പ്രദർശിപ്പിക്കാൻ സാധിക്കില്ല. നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടുന്ന ഒരു നടപടിയും കേന്ദ്രത്തിൽ നിന്ന് ഉണ്ടാകില്ല,” അദ്ദേഹം നിലപാട് വ്യക്തമാക്കി.
ചിത്രങ്ങളുടെ സംഗ്രഹം നേരത്തെ കേന്ദ്രത്തിന് സമർപ്പിച്ച് അനുമതി വാങ്ങുന്ന നടപടിക്രമങ്ങളിൽ വന്ന കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു കാരണമെന്ന് സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. ഇതിന് അക്കാദമി ജീവനക്കാരെ കുറ്റം പറയാനാകില്ലെന്നും ഇലക്ഷൻ തിരക്കുകളും കാലതാമസത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില ചിത്രങ്ങൾക്ക് അനുമതി നൽകുന്നതിൽ കേന്ദ്രം വിമുഖത കാണിക്കുന്നുണ്ടെന്നും, എന്നാൽ നയതന്ത്രപരമായ കാരണങ്ങളാൽ അവരെ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുമതി നിഷേധിച്ചതിനുള്ള കാരണം കേന്ദ്രം വ്യക്തമാക്കണമെന്നില്ലെന്നും, എല്ലാ കാര്യങ്ങൾക്കും കാരണം ബോധ്യപ്പെടുത്തിക്കൊണ്ട് ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. ‘ബാറ്റിൽഷിപ്പ് പൊട്ടംകിൻ’, ‘ബീഫ്’ തുടങ്ങിയ ചിത്രങ്ങൾ വിലക്കിയതിൻ്റെ കാരണം തനിക്കറിയില്ലെന്നും, ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎഫ്എഫ്‌കെയുടെ ചെയർമാൻ റസൂൽ പൂക്കുട്ടി മേള നടക്കുമ്പോൾ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. അദ്ദേഹം ലണ്ടനിൽ ഷൂട്ടിംഗിലാണ്. “ചെയർമാൻ ഇല്ലാത്തതിൻ്റെ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടാകും. അദ്ദേഹം മനഃപൂർവം വരാതിരിക്കില്ലല്ലോ. സമാപന സമ്മേളനത്തിൽ അദ്ദേഹം എത്തുമെന്നും” സുരേഷ് കുമാർ അറിയിച്ചു.
’യെസ്, പലസ്തീൻ 36′, ‘എ പോയറ്റ്: അൺകൺസീൽഡ് പോയട്രി’, ‘ബാംകോ’, ‘ബീഫ്’ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. വിലക്കിൽ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, വിലക്ക് വന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.
















