നടി നവ്യ നായർക്കൊപ്പമുള്ള ഉദ്ഘാടനത്തിനിടെ നവ്യയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലോക ഫുട്ബോൾ താരം മെസ്സിയെ നേരിട്ടുകാണാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും അത് വേണ്ടെന്നുവെച്ചുവെന്നും ധ്യാൻ പറഞ്ഞു. അതുപോലൊരു അവസരം ഉപേക്ഷിക്കാനുള്ള കാരണം നവ്യാ നായർക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാനുള്ളതുകൊണ്ടായിരുന്നെന്നും ധ്യാൻ വിശദീകരിച്ചു. കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇരുവരും.
‘കഴിഞ്ഞ ദിവസം മുംബൈയിൽ മെസ്സി വന്നുപോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ നവ്യാ നായർക്കൊപ്പം ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസ്സിയേക്കാൾ വലുതാണോ നിനക്ക് നവ്യ എന്ന് കൂട്ടുകാരൻ ചോദിച്ചു. അതേ എന്ന് മറുപടി പറഞ്ഞു. ഞാൻ ഈ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഒരു ഇതിഹാസ നായികയുമായാണ്.’ ധ്യാൻ പറഞ്ഞു.
“എന്റെ പഴയൊരു ഇന്റർവ്യൂ ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടെയാണ് എന്റെ ഇന്റർവ്യൂ കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്.” ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ.
ധ്യാനിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന നവ്യയെ വീഡിയോയിൽ കാണാം. ധ്യാനും തന്റെ മകന്‍ സായിയും ഏകദേശം ഒരു സ്വഭാവമുള്ളവരാണെന്ന് നവ്യ പറഞ്ഞു. തന്നെ കളിയാക്കാൻ തന്റെ മകന്‍ മിടുക്കനാണെന്നും സായിയുമൊത്തുള്ള തന്റെ വീഡിയോയിലും ധ്യാനിനെ ചേർത്തുള്ള കമന്റുകൾ വരാറുണ്ടായിരുന്നുവെന്നും നവ്യ പറഞ്ഞു.
















