ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്‍കൂര്‍ ജാമ്യം തേടി മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. ഹൈക്കോടതി ആവശ്യം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്ഐടി. ശബരിമലയില്‍ നിന്നും അന്താരാഷ്ട്ര വിഗ്രഹ കടത്ത് സംഘത്തിന് 500 കോടിയുടെ സ്വത്ത് വകകള്‍ കടത്തി എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം ആരോപണം. കൊള്ളയുടെ സുപ്രധാന വിവരങ്ങള്‍ അറിയാവുന്ന വ്യവസായിയുടെ വിവരങ്ങളും രമേശ് ചെന്നിത്തല എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു.
വിദേശത്തായിരുന്നു വ്യവസായിയെ നാട്ടിലേക്ക് എത്താന്‍ ആവശ്യപ്പെട്ട ശേഷമാണ് നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചത്. മൊഴിയെടുത്തത് ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചല്ല എന്നാണ് സൂചന. ആരോപണങ്ങള്‍ക്കപ്പുറം സ്വര്‍ണ്ണക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ വ്യവസായിയുടെ പക്കല്‍ ഉണ്ടോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 500 കോടിയ്ക്കടുത്ത് ഇടപാട് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തിലലൂടെ അറിയിച്ചിരുന്നു. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ഉള്‍പ്പെടെയുള്ള മുന്‍ ബോര്‍ഡ് അംഗങ്ങളുടെ മൊഴി എടുക്കാനും SIT നീക്കം തുടങ്ങി.
Story Highlights : Sabarimala gold theft: Former Devaswom Secretary Jayashree moves Supreme Court seeking bail
















