ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ, നടൻ ദിലീപിന് അനുകൂലമായും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെയും അതിജീവിതയെ പിന്തുണയ്ക്കുന്നവർക്കെതിരെയും നടത്തിയ ഫേസ്ബുക്ക് വീഡിയോ പ്രസ്താവന വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. അതിജീവിതക്ക് വേണ്ടി സംസാരിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും തങ്ങൾ എന്നും ദിലീപിനൊപ്പം ആയിരിക്കുമെന്നും അജിത് കുമാർ വീഡിയോയിൽ തുറന്നുപറഞ്ഞു.
അതിജീവിതക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നവർ അത് ചെയ്യുന്നത് വെറും പബ്ലിസിറ്റിക്കുവേണ്ടിയാണെന്നാണ് അജിത് കുമാറിന്റെ പ്രധാന വിമർശനം. കെഎസ്ആർടിസി ബസ്സിൽ വെച്ച് ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചപ്പോൾ അത് ഓഫ് ചെയ്യണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ സ്ത്രീയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു.
തങ്ങൾ അതിജീവിതക്കൊപ്പമാണെന്നും അതിനാൽ ദിലീപിന്റെ സിനിമ കാണില്ലെന്നും പറഞ്ഞ് ബസ്സിൽ ബഹളമുണ്ടാക്കിയത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു എന്നാണ് അജിത് കുമാർ ആരോപിക്കുന്നത്. ഇപ്പോഴും ധാരാളം സ്ത്രീകൾ ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ദിലീപ് ചിത്രം തോൽപ്പിക്കാൻ ശ്രമിക്കുന്ന ഫെമിനിസ്റ്റുകളുടെ വാശിക്ക് വഴങ്ങില്ലെന്നും സിനിമ സൂപ്പർ ഹിറ്റാക്കി മാറ്റുമെന്നും അജിത് കുമാർ വെല്ലുവിളിച്ചു. സിനിമ എല്ലാവരും കാണണമെന്നും സ്ത്രീകൾക്കായി പ്രത്യേക ഷോകൾ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ മമ്മൂട്ടി ചിത്രത്തിന് സ്ത്രീകൾക്ക് സ്പെഷ്യൽ ഷോ വെച്ചതിനെ എതിർത്ത താൻ, ദിലീപിന്റെ ഈ സിനിമ സ്ത്രീകൾ കാണില്ല എന്ന് പറയുന്നതുകൊണ്ടാണ് സ്പെഷ്യൽ ഷോ വെച്ച് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ഒതുക്കണം എന്നും പ്രായമായാൽ ഒതുങ്ങി ജീവിക്കണം എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ദിലീപ് സിനിമ സ്ത്രീകൾ പോയി കാണുമെന്നും കേരളക്കര മൊത്തം വിജയിപ്പിക്കുമെന്നും അദ്ദേഹം ഭാഗ്യലക്ഷ്മിയെ വെല്ലുവിളിച്ചു. എറണാകുളം വനിതാ വിനിത തിയേറ്ററിൽ താൻ സിനിമ കാണുമെന്നും എല്ലാവരും അവിടെ എത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
ഈ വിഷയത്തിൽ ഫെമിനിസ്റ്റുകൾ സിനിമ പൊട്ടിക്കാൻ ശ്രമിച്ചാൽ അത് വിജയിപ്പിക്കേണ്ടത് മെൻസ് അസോസിയേഷന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കായി വനിതാ കമ്മീഷൻ ഉള്ളതുപോലെ പുരുഷന്മാരുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും പുരുഷാവകാശ കമ്മീഷൻ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യത്തെക്കുറിച്ച് മുകേഷ് നായരുമായി സംസാരിച്ചിരുന്നു എന്നും പുരുഷന്മാർക്കുവേണ്ടി സംസാരിക്കാനായി ഒരു പരിപാടി ജനുവരിയിൽ നടത്തുമെന്നും അജിത് കുമാർ അറിയിച്ചു.
അതിജീവിതക്കെതിരെ സംസാരിച്ച രണ്ടാം പ്രതി മാർട്ടിൻ നൽകിയ വീഡിയോയെപ്പറ്റിയും അജിത് കുമാർ പരാമർശിച്ചു. ദിലീപിനെ പോയി കാണുമെന്നും മാർട്ടിനെ ജയിലിൽ പോയി കണ്ട് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ദിലീപിനെ ട്രാപ് ചെയ്തതാണെന്നും അദ്ദേഹത്തെ തകർക്കാൻ എല്ലാവരും ശ്രമിക്കുകയാണെന്നും ഇതിനെതിരെ നമ്മൾ സംസാരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
















