കൊച്ചി: നടി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനൊപ്പം ഒന്നാം പ്രതിയായ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പൊലീസ് ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് രാഹുല്‍ ഈശ്വര്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചത്.
ദിലീപിന്റെ കാര്യത്തില്‍ ആദ്യം മുതല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി വന്നില്ലേ. നമ്മുടെ സമൂഹത്തിന് തെറ്റിപ്പോയി എന്നൊരു തിരിച്ചറിവ് വേണം. ആ വീട്ടിലും പുള്ളിക്ക് ഒരു ഭാര്യയും അമ്മയും രണ്ട് പെണ്‍മക്കളുണ്ട്. ഇപ്പഴും ചില ചാനലുകള്‍ പുള്ളി കുറ്റവാളിയാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?. കോടതി എടുത്ത് എടുത്ത് പറയുന്നത് നമ്മള്‍ കണ്ടതല്ലേ. 1500 പേജ് വായിച്ചില്ല. ചാറ്റ് ജിപിടിയില്‍ ഇട്ട് സമ്മറൈസ് ചെയ്താണ് വായിച്ചത്. പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറഞ്ഞല്ലേ പൊലീസ് കൊണ്ടുവന്നത്. എവിടെ ആ ഫോട്ടോ. ആ ഫോട്ടോ ഫോട്ടോഷോപ്പായിരുന്നു. പൊലീസുകാര്‍ ഫോട്ടോഷോപ്പ് ചെയ്ത് തുടങ്ങിയാല്‍ രാജ്യം എവിടെ ചെന്ന് നില്‍ക്കും. ദിലീപ് ഫാന്‍സ് അസോസിയേഷന്റെ റിയാസ് ഫെയ്‌സ്ബുക്കില്‍ ഇട്ടതാണ് ഒറിജിനല്‍ ഫോട്ടോ. റിയാസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസ് കൊടുത്തത്. ഇത് ക്രിമിനല്‍ ആക്ടിവിറ്റി അല്ലേ.
ഒരു സിറ്റിങ്ങ് വനിതാ ജഡ്ജിക്കെതിരെ ഇത്രയധികം അധിക്ഷേപം വന്നു. ഏതെങ്കിലും ഒരു കേസെടുത്തോ. എന്താ അങ്ങനെ. ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ട്. വനിതാ ജഡ്ജിക്കെതിരെ അധിക്ഷേപമുണ്ടായതില്‍ പരാതി നല്‍കിയിട്ടും കണ്ണില്‍ പൊടിയിടാനെങ്കിലും കേസ് എടുത്തോ.”, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
















