സോഷ്യൽ മീഡിയ തൂക്കിയിരിക്കുകയാണ് തമിഴ് ഭക്തിഗാനമായ ‘കാക്കും വടിവേൽ’. റീൽസിലൂടെ വൈറലായ ഈ മുരുകൻ ഭക്തിഗാനം മുതിർന്നവർക്ക് മാത്രമല്ല ജെൻസികളും ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ധരൻ കുമാർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലങ്കൻ തമിഴ് റാപ്പർ വാഹീസൻ ആണ്. ഇപ്പോഴിതാ ‘കാക്കും വടിവേൽ’ പാടിയ വാഹീസനെ അഭിനന്ദിച്ച് റാപ്പർ വേടൻ.
ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് വേടൻ തന്റെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. അത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘കേൾക്കുമ്പോൾ തന്നെ അഡിക്റ്റ് ആകുന്ന ഗാനമാണ് അത്. മുരുകന്റെ അനുഗ്രഹം ഉള്ള ഒരാൾക്ക് മാത്രമേ അങ്ങനെ ഒരു പാട്ട് എഴുതാൻ കഴിയൂ. എല്ലാവരും ഈ ഗാനം ആഘോഷിക്കുകയാണ്. ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്. നല്ല പാട്ടാണത്’, എന്നാണ് വേടൻ പറഞ്ഞത്.
റാപ്പ് ഗാനങ്ങൾ എഴുതി അവതരിപ്പിക്കുന്നതിനു പുറമെ റാപ്പ് സിലോൺ എന്ന മ്യൂസിക് ലേബലിന്റെ സ്ഥാപകനും കൂടിയാണ് വാഹീസൻ. സുഹൃത്തും ഗായകനുമായ അദ്വിക് ഉദയകുമാർ എന്നിവരോടൊപ്പം സ്വതന്ത്ര റാപ്പ് ഗാനങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേബൽ ആരംഭിച്ചത്. വിനോദ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ഫൈൻഡർ’ എന്ന ചിത്രത്തിലെ ‘സിക്കിട്ട’ എന്ന ഗാനത്തിനും വാഹീസൻ റാപ്പ് ചെയ്തിട്ടുണ്ട്. അടുത്തിടെയായി ഭക്തി ഗാനങ്ങളുടെയും ഭജനകളുടെയും പുറകെയാണ് എല്ലാവരും. ഈ ട്രെൻഡ് ഇപ്പോൾ കൂടിവരികയാണ്. സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത ഈ ഗാനം ജെൻസികൾ മാത്രമല്ല എല്ലാ പ്രായത്തിലുള്ളവരും സ്വീകരിച്ചിട്ടുണ്ട്.
















