രൺവീർ സിംഗ് നായകയെത്തിയ ബോളിവുഡ് ചിത്രമാണ് ധുരന്ധർ. ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രം ‘ധുരന്ധർ’ തിയേറ്ററിൽ മുന്നേറുകയാണ്. യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം, 26/11 മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരമായ രാത്രിയെയാണ് അവതരിപ്പിക്കുന്നത്.
I was in the Taj Hotel on the night of 26/11 with my husband @Ajay_Bagga . We were fortunate to survive the heinous terrorist attack that night and were rescued alive after 14 hours .
The most bone-chilling scene in #Dhurandhar for me was the red screen where the actual voice… pic.twitter.com/OJ6Zbf1wPm
— Rajita Bagga (@RajitaBagga) December 16, 2025
ഈ സിനിമയോട് പ്രതികരിച്ചുകൊണ്ട്, 26/11 ആക്രമണത്തെ അതിജീവിച്ച എഴുത്തുകാരിയായ രാജിത ബാഗ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ ഒരു രംഗം തന്നെ ആഴത്തിൽ സ്പർശിച്ചതായി അവർ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. രൺവീർ സിങ്ങിനെയും ആദിത്യ ധറിനെയും അവർ പ്രശംസിക്കുകയും ചെയ്തു.
മുംബൈ ഭീകരാക്രമണം നടന്ന ദിവസം താനും ഭർത്താവ് അജയ് ബാഗയും താജ് ഹോട്ടലിലായിരുന്നു തങ്ങിയിരുന്നതെന്ന് രാജിത ഓർമിച്ചു. ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യമാണെന്ന് വെളിപ്പെടുത്തിയ അവർ 14 മണിക്കൂറിനു ശേഷം ജീവനോടെ രക്ഷപ്പെട്ടെന്നും പറഞ്ഞു. ‘ധുരന്ധറി’ലെ ഏറ്റവും നടുക്കമുണ്ടാക്കിയ രംഗം ‘റെഡ് സ്‌ക്രീൻ’ രംഗമായിരുന്നു എന്ന് രാജിത എടുത്തുപറഞ്ഞു. 26/11 ലെ ഭീകരരുടെയും അവരുടെ പിന്നിലുള്ളവരുടെയും യഥാർത്ഥ ശബ്ദ രേഖകൾ കേൾപ്പിച്ച ഭാഗമായിരുന്നു അത്. ആ നിർദ്ദേശങ്ങൾ ക്രൂരവും മനുഷ്യത്വരഹിതവും വെറുപ്പുളവാക്കുന്നതുമായിരുന്നു. അത് കേട്ടപ്പോൾ തൻ്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയെന്ന് അവർ വെളിപ്പെടുത്തി.
ഓരോ ബോംബ് സ്ഫോടനത്തിലും ഓരോ വ്യക്തി കൊല്ലപ്പെടുമ്പോഴും അവ കൈകാര്യം ചെയ്യുന്നവർ അത് ആഘോഷിക്കുന്നത് കാണുമ്പോൾ, അത് നമ്മിൽ രോഷം നിറയ്ക്കുന്നില്ലെങ്കിൽ, ദേശീയ സുരക്ഷയോടുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കുന്നില്ലെങ്കിൽ മറ്റെന്താണ് ചെയ്യുക എന്നും രാജിത ചോദിച്ചു. പതിനേഴ് വർഷങ്ങൾ കടന്നുപോയെങ്കിലും, അന്നത്തെ സംഭവങ്ങളുടെ ഓർമയും തങ്ങൾക്ക് എന്ത് സംഭവിക്കാമായിരുന്നു എന്ന ചിന്തയും തന്നെ അടിമുടി ഉലച്ചുവെന്നും അവർ പറഞ്ഞു. വെറും 2-3 മിനിറ്റിനുള്ളിൽ 26/11 ൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പുതിയ തലമുറയ്ക്ക് മുഴുവൻ മനസ്സിലാക്കിക്കൊടുത്തതിന് ‘ധുരന്ധർ’ സിനിമയേയും ആദിത്യ ധറിനേയും അവർ അഭിനന്ദിച്ചു.
രാജിതയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് ആദിത്യ ധറും രംഗത്തെത്തി. “നിങ്ങളുടെ വാക്കുകൾ ഈ കഥ പറയേണ്ടതിൻ്റെ കാരണം ഞങ്ങളെ ഓർമിപ്പിക്കുന്നു. ക്രൂരമായ സത്യത്തെ പ്രതിഫലിപ്പിക്കാനാണ് ആ രംഗം രൂപപ്പെടുത്തിയത്. ഓർക്കാനും, ഒറ്റക്കെട്ടായി നിൽക്കാനും, അത്തരം ഇരുട്ട് ഒരിക്കലും തിരികെ വരാൻ അനുവദിക്കാതിരിക്കാനും വേണ്ടിയായിരുന്നു അത്. അതിജീവിച്ചതിനും, സംസാരിച്ചതിനും, നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിയതിനും നന്ദി.” ധർ പ്രതികരിച്ചു.
സ്പൈ ആക്ഷൻ ത്രില്ലറായ ‘ധുരന്ധറിൽ’ രൺവീർ സിങ് ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്. പാകിസ്താനിലെ ലിയാരിയിലുള്ള റഹ്മാൻ ഡാക്കൈറ്റിന്റെ സംഘത്തിൽ നുഴഞ്ഞുകയറി ഐഎസ്ഐയുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഇന്ത്യക്കായി ശേഖരിക്കുകയാണ് അദ്ദേഹത്തിൻ്റെ കഥാപാത്രം. അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബോക്‌സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ച ഈ ചിത്രം 12 ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 634 കോടി രൂപയാണ് നേടിയിട്ടുള്ളത്.
















