ഒന്നരമാസം നീണ്ടുനിന്ന സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (SIR) വിവരശേഖരണ ദൗത്യം ഇന്ന് പൂർത്തിയാകും. കരട് വോട്ടർ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.
നിലവിലെ കണക്കുപ്രകാരം 24,95,069 എന്യുമറേഷൻ ഫോമുകൾ തിരികെ ലഭിച്ചിട്ടില്ല. നിലവിൽ 2,78,48,827 ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 99.99 ശതമാനമാണിത്. 24,95,069 ഫോമുകൾ തിരികെ ലഭിച്ചിട്ടില്ല.
മരണപ്പെട്ടവർ, കണ്ടെത്താൻ സാധിക്കാത്തവർ, സ്ഥിരമായി താമസം മാറിയവർ, ഇരട്ട വോട്ടുകൾ, മറ്റുള്ളവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുടെ കണക്കാണിത്.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിന് ശേഷം പേര് ചേർക്കാനോ തിരുത്തലുകൾക്കോ ആക്ഷേപങ്ങൾ അറിയിക്കാനോ ജനുവരി 22 വരെ സമയമുണ്ട്. ഹിയറിങ്ങിനും പരിശോധനകൾക്കും ശേഷം അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.
ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്താകാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഎൽഒമാരുടെ വിവരശേഖരണം ഇന്ന് അവസാനിക്കാനിരിക്കെ രാഷ്ട്രീയപാർട്ടികളുടെ ആവശ്യപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
വിവരശേഖരണം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ ഇന്ന് വാർത്താസമ്മേളനം നടത്തും. ഇതുവരെയുള്ള പ്രവർത്തനങ്ങളും ഇത്രയധികം പേർ പുറത്താകാനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കും.
















