കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. ഇന്നുവരെയാണ് കോടതി അറസ്റ്റ് വിലക്കിയിട്ടുണ്ടായിരുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നത്. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു തങ്ങളുടേതെന്നും ആ ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് രാഹുൽ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞത്. ആരോപണം ബലാൽസംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് രാഹുൽ പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ് എന്നും രാഹുലിന്റെ ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
















