25 പേർ മരിക്കാനിടയായ നിശാക്ലബ്ബിലെ തീപിടിത്തത്തിൽ ക്ലബ്ബിന്റെ ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ക്ലബ്ബിലുണ്ടായ അപകടത്തിന് പിന്നാലെ നാടുവിട്ട ഇരുവരെയും കഴിഞ്ഞ ദിവസം ആയിരുന്നു തായ്‌ലൻഡിൽ വെച്ചു പിടികൂടിയത്.
ഉടൻ തന്നെ ഇരുവരെയും ഡൽഹിയിൽ എത്തിക്കുകയും അവിടുന്ന് ഇന്നലെ ഗോവയിൽ എത്തിക്കുകയും ആയിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ ഇരുവരെയും മപുസാ കോടതിയിൽ ഹാജരാക്കുകയും പിന്നീട് ഇവരെ ആദ്യം സിയോലിം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ജില്ലാ ആശുപത്രിയിലും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. തുടർന്നാണ് കസ്റ്റഡിയിൽ വിട്ടത്.
നട്ടെല്ലു സംബന്ധിച്ച അസുഖമുള്ളതിനാൽ നടുവേദനയുണ്ടെന്നും ജയിലിൽ പ്രത്യേക ബ്രാൻഡിലുള്ള മെത്ത വേണമെന്നും ഇരുവരും കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനെതിരെ പ്രോസിക്യൂഷൻ വാദിക്കുകയും വൈദ്യപരിശോധനയിൽ ഇരുവർക്കും യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നാണ് കണ്ടെത്തിയതെന്ന് കോടതിയിൽ തെളിയിക്കുകയും ചെയ്തു.
ഡിസംബർ 6 ന് ആയിരുന്നു ഗോവയിൽ 25 പേരുടെ മരണത്തിന് കാരണമായ തീപിടിത്തം ഉണ്ടായത്. തീ പിടിത്തം ഉണ്ടായി മണിക്കൂറുകൾക്കകം നാട് വിട്ട ഉടമകളായ സഹോദരങ്ങളിൽ പൊലീസിന് സംശയം തോന്നുകയും ഇവരെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടുകയും ഇരുവരെയും തായ്‌ലൻഡിൽ വെച്ചു പോലീസ് പിടികൂടുകയും ആയിരുന്നു.
തായ്ലൻഡിലെ ഫുക്കെറ്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. നിശാ ക്ലബിൽ നടന്ന ബെല്ലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീപിടിത്തത്തിനു കാരണമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
















