കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിൽ മുളകുപൊടി മുഖത്തു എറിഞ്ഞു വീട്ടമ്മയുടെ മാലമോഷ്ടിച്ചോടിയ കേസിൽ യുവതി അറസ്റ്റിൽ. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വി.എസ്. ആതിരയെന്ന ചിന്നു (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചമല്‍ പൂവന്‍മല പുഷ്പവല്ലി (63) നെ ആക്രമിച്ച് രണ്ടുപവന്‍ സ്വര്‍ണമാല പൊട്ടിച്ച് കവര്‍ന്നെന്ന പരാതിയിലാണ് നടപടി.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മലയില്‍ സംഭവം നടക്കുന്നത്. ആതിരയും പുഷ്പവല്ലിയും അയൽക്കാരാണ്. പുഷ്പ്പവല്ലി ഒറ്റക്കാണ് താമസം. ഇത് അറിയാവുന്ന ആതിര വീടിന്റെ വരാന്തയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പുഷ്പവല്ലിയുടെ പുറകിലൂടെയെത്തിയ ആക്രമിക്കുകയായിരുന്നു.
സിറ്റൗട്ടില്‍ മുളകുപൊടിവിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെക്കുകയും വലിച്ചിഴച്ച് ഡൈനിങ് ഹാളിലേക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നീട് കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കവേ പുഷ്പവല്ലി ബഹളം വെച്ചു.
ബഹളം കേട്ട് അയൽക്കാരിയായ യുവതി ഓടിയെത്തി. ഇതോടെ പുഷ്പവല്ലിയുടെ കഴുത്തിലെ സ്വര്‍ണമാല വലിച്ചുപൊട്ടിച്ച് നല്ലൊരുഭാഗം കൈക്കലാക്കിയശേഷം പ്രതി വീടിനകത്തേക്കുകയറി അടുക്കളവാതില്‍വഴി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. കവർച്ചക്കിടെ പ്രതിരോധിക്കുന്നതിനടിയിൽ പുഷ്പവല്ലിയുടെ കഴുത്തിന് പരുക്ക് പറ്റിയിരുന്നു.
പരിക്കേറ്റ പുഷ്പവല്ലി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത താമരശ്ശേരി പോലീസ് ആതിരയെ പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു.
















