കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ച്, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക വിളംബരം പ്രശസ്ത കനേഡിയൻ സംവിധായികയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ നിർവ്വഹിച്ചു. ഹ്രസ്വചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയായ ഈ ഫെസ്റ്റിൽ, ഈ വർഷം മുതൽ സമ്മാനത്തുകയിൽ വൻ വർദ്ധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മികച്ച ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനം ഒന്നര ലക്ഷം രൂപ (₹1,50,000), രണ്ടാം സമ്മാനം ഒരുലക്ഷം രൂപ (₹1,00,000), മൂന്നാം സമ്മാനം അമ്പതിനായിരം രൂപ (₹50,000) എന്നിങ്ങനെയാണ് സമ്മാനങ്ങൾ നൽകുകയെന്ന് ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ജി എസ് വിജയൻ അറിയിച്ചു.
മുഖ്യാതിഥിയായി എത്തിയ കെല്ലി ഫൈഫ് മാർഷലിനെ ഡോക്ടർ ബിജു സദസ്സിന് പരിചയപ്പെടുത്തി. ‘ബ്ലാക്ക് ബോഡീസ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയയായ കെല്ലി മാർഷൽ തന്റെ ചലച്ചിത്ര അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖരായ കമൽ, ടി കെ രാജീവ്കുമാർ, ശ്യാമപ്രസാദ്, അഴകപ്പൻ, കുക്കു പരമേശ്വരൻ, ജോഷി മാത്യു, സന്ദീപ് സേനൻ, സന്തോഷ് കീഴാറ്റൂർ, ശ്രീകുമാർ അരൂക്കുറ്റി, ബാബു പള്ളാശ്ശേരി, അൻസിബ, നീന കുറുപ്പ്, സാജു നവോദയ, വി ടി ശ്രീജിത്ത്, ഗിരിശങ്കർ, സജിൻ ലാൽ, ഔസേപ്പച്ചൻ വാളക്കുഴി, സന്തോഷ് പവിത്രം, ഉണ്ണി ശിവപാൽ, വേണു ഗോപാൽ, സിദ്ധാർഥ്, വേണു ബി നായർ, സാജിദ് യാഹിയ, അനൂപ് രവീന്ദ്രൻ, എ എസ് ദിനേശ് ഉൾപ്പെടെയുള്ള ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
മികച്ച സംവിധായകന് പതിനായിരം രൂപ (₹10,000), കൂടാതെ മികച്ച നടൻ, നടി, ബാലതാരം, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ, കലാസംവിധായകൻ, മ്യുസിക് ഡയറക്ടർ, മെയ്ക്കപ്പ് ആർട്ടിസ്റ്റ്, കോസ്റ്റ്യും ഡിസൈനർ, വി എഫ് എക്സ് ആർട്ടിസ്റ്റ് എന്നീ 12 വ്യക്തിഗത വിഭാഗങ്ങൾക്ക് അയ്യായിരം രൂപ (₹5,000) വീതവുമാണ് ശില്പവും പ്രശസ്തി പത്രത്തിനൊപ്പം അവാർഡായി നൽകുക.
ജനറൽ കാറ്റഗറി, ക്യാമ്പസ്, പ്രവാസി, AI ചിത്രങ്ങൾ, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്ക് വേണ്ടിയുള്ള വിഭാഗം എന്നിങ്ങനെ 5 കാറ്റഗറികളിലായാണ് അവാർഡുകൾ പ്രഖ്യാപിക്കുക. ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി സോഹൻ സീനുലാൽ സ്വാഗതം ആശംസിച്ചു, ഡയറക്‌ടേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് വിധു വിൻസെന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷോർട്ട് ഫിലിം കമ്മിറ്റി കൺവീനർ സലാം ബാപ്പു നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി ബൈജുരാജ് ചേകവർ, നിർവ്വാഹക സമിതി അംഗങ്ങളായ മനോജ് അരവിന്ദാക്ഷൻ, വി സി അഭിലാഷ്, ജോജു റാഫേൽ, ഷിബു പരമേശ്വരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
















