കൊല്ലം: നാടും നഗരവും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. പുൽക്കൂടുകളും നക്ഷത്രങ്ങളും കൊണ്ട് വീടുകളും നിറഞ്ഞു. ക്രിസ്‌മസ് വിപണി സജീവമായി. സാന്റാ തൊപ്പികൾക്കായി ആവശ്യക്കാർ ഏറെ. എൽഇഡി നക്ഷത്രങ്ങൾ തന്നെയാണ് ഇത്തവണയും താരം. പേപ്പർ നക്ഷത്രങ്ങൾക്ക് മൂന്നു രൂപ മുതൽ 150 രൂപ വരെയാണ് വില വരുന്നത്. ചിത്രപ്പണികളുള്ള നക്ഷത്രങ്ങൾ മുതൽ 12 എണ്ണത്തിന് 120 രൂപ വരുന്ന ചെറിയ നക്ഷത്രങ്ങൾ വരെ വിപണിയിൽ ലഭ്യമാണ്. പുൽക്കൂടിനു ആവശ്യമായ സാമഗ്രികൾക്കും വൻ ഡിമാൻഡാണ്. പുൽക്കൂട്ടിലെ രൂപങ്ങൾക്ക് ഗുണനിലവാരവും വലിപ്പവുമനുസരിച്ച് 1700 മുതൽ 2600 രൂപ വരെയാണ് വില.
ഫാമിലി, എയ്ഞ്ചൽ, ഡിയർ, സാന്റ എന്നീ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പേപ്പർ സ്റ്റാറുകളാണ് ഇത്തവണത്തെ താരം. സാന്റ ക്ലോസ് ഉൾപ്പടെയുള്ള ഡ്രസിന് 50 രൂപ മുതലും തൊപ്പിക്ക് എട്ടുരൂപ മുതലുമാണ് വില. ക്രിസ്മസ് ട്രീകൾക്ക് 90 രൂപയാണ് വില. അലങ്കരിച്ച ക്രിസ്മസ് ട്രീകൾക്ക് 2000 രൂപയാണ്. പുൽക്കൂട്ടിൽ വയ്ക്കുന്ന പോളി മാർബിളിൽ രൂപങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം.1500 രൂപ മുതലാണ് വില. ജില്ലയിലെ നക്ഷത്ര നിർമാണ യൂണിറ്റിൽനിന്ന് നക്ഷത്രങ്ങൾ കൊച്ചി, മുംബൈ , ഗോവ എന്നിവിടങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.
















