ഏറെ ആകാംക്ഷക്കൊടുവിൽ കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് പാർട്ടി നിലവിലെ ഡെപ്യൂട്ടി മേയറായ പി. ഇന്ദിരയെ തിരഞ്ഞെടുത്തു. പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് നിർണായകമായ ഈ പ്രഖ്യാപനം ഉണ്ടായത്. ഇതോടെ കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി കോൺഗ്രസ് പ്രഖ്യാപിക്കുന്ന മേയർ എന്ന ചരിത്രവും പി. ഇന്ദിരക്ക് സ്വന്തമായി.
മേയർ സ്ഥാനത്തേക്ക് പി. ഇന്ദിരയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായ ശ്രീജ മഠത്തിലിന്റെയും പേരുകളാണ് അവസാന നിമിഷം വരെ സജീവമായി പരിഗണിച്ചിരുന്നത്. എങ്കിലും, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ പി. ഇന്ദിരയ്ക്കായിരുന്നു. പാർട്ടി തീരുമാനപ്രകാരം ഇന്ദിരയെ മേയറായി പ്രഖ്യാപിക്കുകയായിരുന്നു.
കണ്ണൂരിലെ പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് പി. ഇന്ദിര കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് വിമത സ്ഥാനാർത്ഥി ഉൾപ്പെടെ നാല് പേർ മത്സരിച്ച ഈ വാശിയേറിയ പോരാട്ടത്തിൽ 48 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്ദിര വിജയിച്ചത്. വിദ്യാർത്ഥി രാഷ്ടീയ കാലം മുതൽക്കേ ഇന്ദിരയുടെ സംഘടനാ പാടവം ശ്രദ്ധേയമായിരുന്നു. കെ.എസ്.യു.വിൽ പ്രവർത്തിക്കുന്ന സമയത്ത് കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിൽ അട്ടിമറിയിലൂടെ ചെയർപേഴ്സണായ ചരിത്രവും അവർക്കുണ്ട്.
കണ്ണൂർ മുൻസിപ്പാലിറ്റിയിലും തുടർന്ന് കോർപ്പറേഷൻ രൂപീകരിച്ചപ്പോഴും കൗൺസിലറായി പ്രവർത്തിച്ച പരിചയം ഇന്ദിരയ്ക്കുണ്ട്. 2015-ൽ കണ്ണൂർ കോർപ്പറേഷനായതു മുതൽ കൗൺസിലറായ ഇന്ദിര തുടർച്ചയായി മൂന്നാം തവണയാണ് വിജയിക്കുന്നത്. ഡെപ്യൂട്ടി മേയർ എന്ന നിലയിലും ആരോഗ്യ-പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 56 സീറ്റുകളിൽ 36 സീറ്റും നേടി യു.ഡി.എഫ്. കോർപ്പറേഷൻ ഭരണം നിലനിർത്തിയതോടെ ഇന്ദിരയുടെ മേയർ സ്ഥാനം ഏറെക്കുറെ ഉറപ്പായിരുന്നു.
അതേസമയം, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് യു.ഡി.എഫ്. ഘടകകക്ഷിയായ മുസ്‌ലിം ലീഗിലെ കെ.പി. താഹിറിനെയാണ് പരിഗണിക്കുന്നത്. ഉടൻ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് സൂചന.
















