വാളയാർ ചെക്‌പോസ്റ്റിൽ രേഖകളില്ലാത്ത എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം നടക്കുന്നത്. കോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരായിരുന്നു യുവാക്കൾ. രാവിലെ വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
പോളിത്തീൻ കവറുകളടക്കം 8.696 കിലോഗ്രാം ഭാരമുണ്ട് സ്വർണത്തിന്. സ്വർണം പിടിച്ചെടുത്തു സംസ്ഥാന ജിഎസ്ടി വകുപ്പിനു കൈമാറിയിരിക്കുകയാണ്.
വാളയാർ എൻഫോഴ്സ്മെന്റ് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷ്, എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ബി.ജെ.ശ്രീജി, കെ.എ. മനോഹരൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.എം.സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, സുബിൻ രാജ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തവർ.
















