പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒമാൻ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ നൽകി ആദരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി മോദി നൽകിയ നിർണായക സംഭാവനകൾ കണക്കിലെടുത്താണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഈ പുരസ്കാരം സമ്മാനിച്ചത്.
രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി മോദി, സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം നടന്നതെന്നത് ശ്രദ്ധേയമാണ്.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു സുപ്രധാന വ്യാപാര കരാറിൽ ഒപ്പുവെച്ചു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി.
ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ മദീനത്തുൽ ഇർഫാൻ തിയറ്ററിൽ വെച്ച് പ്രധാനമന്ത്രി മോദി ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിന് മുൻപ്, സദസ്സിനോട് “സുഖമാണോ” എന്ന് മലയാളത്തിൽ ചോദിച്ചത് സദസ്സിൽ ആവേശം പടർത്തി. ഒമാനിൽ ധാരാളം മലയാളികൾ ഉണ്ടെന്നും തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയെ തേടിയെത്തുന്ന ബഹുമതികളിൽ ഒമാന്റെ ഈ പുരസ്കാരം 29-ാമത്തേതാണ്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നേരത്തെ എത്തിയ ഇത്യോപ്യ ‘ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് ഇത്യോപ്യ’ എന്ന പരമോന്നത ബഹുമതി സമ്മാനിച്ച് മോദിയെ ആദരിച്ചിരുന്നു. ഇതിനോടകം 28-ൽ അധികം രാജ്യങ്ങളാണ് പരമോന്നത സിവിലിയൻ ബഹുമതി നൽകി ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചിട്ടുള്ളത്.
















